എല്‍ദോസിന്റെ അറസ്റ്റ് ഉടനെന്ന് സൂചന; തുടര്‍ നടപടിക്കുള്ള അനുമതി തേടി സ്പീക്കര്‍ക്ക് കത്ത്

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് സംഘം. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. എല്‍ദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എന്‍ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവര്‍ഷം തടവുശിക്ഷ വരെ എല്‍ദോസിന് ലഭിക്കാം.

ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. എംഎല്‍എയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. എല്‍ദോസിനെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ ഇന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കും. പരാതിക്കാരിയുടെ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് എല്‍ദോസിനെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയത്. എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധ്യാപിക കൂടിയായ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. എംഎല്‍എ കുരിശുമാല തന്റെ കഴുത്തിലിട്ട് സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും യുവതി മൊഴി നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയ ശേഷമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി നെയ്യാറ്റിന്‍കര കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.