തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് മുന്നേറ്റം
സംസ്ഥാനത്തെ 11 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. 29 തദ്ദേശ വാർഡുകളിലേക്ക് ബുധനാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. എൽഡിഎഫിന്റെ ഏഴ് വാർഡുകൾ അടക്കം എട്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. 11 സീറ്റുകളിൽ എൽഡിഎഫും രണ്ട് സീറ്റുകളിൽ ബിജെപിയും വിജയം ഉറപ്പിച്ചു. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ റസീന ടീച്ചർ പൂക്കോട്ട് 272 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിപിഐഎമ്മിലെ പി സി രഹനയെയാണ് തോൽപ്പിച്ചത്. 17 വർഷത്തിന് ശേഷം ഇടത് കോട്ടയായ പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചു.
അതേസമയം ആലപ്പുഴയിലെ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സിപിഐഎം സിറ്റിങ് സീറ്റ് ബിജെപി പിടിച്ചു. കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തും സിപിഐഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തുമാണ്. ബിജെപി -286, കോൺഗ്രസ് -209, സിപിഐഎം -164 എന്നിങ്ങനെയാണ് വോട്ട് നില.തിരുവനന്തപുരം കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം വാർഡിൽ കോൺഗ്രസിന്റെ ഇ എൽബറി വിജയിച്ചു. 103 വോട്ടുകൾക്ക് സിപിഐഎം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എം ജെ ഷൈജ ടീച്ചർ വിജയിച്ചു. 45 വോട്ടുകൾക്ക് സിപിഎമ്മിലെ ഷംന ബീഗത്തെയാണ് പരാജയപ്പെടുത്തിയത്. കൊല്ലം പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബിയിൽ കോൺഗ്രസിലെ ലത ബിജു വിജയിച്ചു. 59 വോട്ടുകൾക്ക് സിപിഐഎം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവൻകോണം വാർഡിൽ ബിജെപി വിജയിച്ചു. ബിജെപിയുടെ ഗീത എസ്സ് സിപിഐഎമ്മിന്റെ ശുഭാകുമാരിയെ 123 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഇടുക്കി ഇടുക്കി ശാന്തൻപാറ തൊട്ടിക്കാനം ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം അംഗം ഇ കെ ഷാബു 253 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റ് ആണ്. പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ടി ജെ ഷൈൻ്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐഎം സ്ഥാനാർഥി പി ബി ദിനമണി 92 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് അംഗം രാജി വെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.