മന്ത്രി വാസവന്റെ പരാമര്‍ശത്തില്‍ വിഷമം ഇല്ലെന്ന് ഇന്ദ്രന്‍സ് ”അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാകില്ല. അത് സത്യമല്ലേ?

നിയമസഭയില്‍ മന്ത്രി വിഎന്‍ വാസവന്‍ നടത്തിയ ‘ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. ”മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാകില്ല. അത് സത്യമല്ലേ?. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല. ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.”-ഇന്ദ്രന്‍സ് പറഞ്ഞു.
അതേസമയം, മന്ത്രി വാസവന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തതെന്ന് സ്പീക്കര്‍ അറിയിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി മലയാളത്തിലെ പ്രമുഖ നടനെ അപമാനിച്ചുവെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനം. പരാമര്‍ശം വാസവന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പരാമര്‍ശം രാഷ്ട്രീയ ശരിയില്ലായ്മയാണ്. സാംസ്‌കാരിക മന്ത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമെന്നും സതീശന്‍ പറഞ്ഞിരുന്നു.
വാസവന്‍ പറഞ്ഞത് ഇങ്ങനെ: ”സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.”