മുളന്തുരുത്തി സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോം ഉയരം കൂട്ടി നിർമ്മിക്കുമെന്ന് അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി
മുളന്തുരുത്തി സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോം ഉയരം കൂട്ടി നിർമ്മിക്കുമെന്ന് അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. മുളന്തുരുത്തി റയിൽവേ സ്റ്റേഷനിൽ നടത്തിയ ജനസദസിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. യാത്രക്കാർക്ക് സ്റ്റേഷനിൽ വിശ്രമ സൗകര്യമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും എം.പി. പറഞ്ഞു. യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കുന്നതിന്നും ഇരുന്ന് വിശ്രമിക്കാൻ സാധിക്കുന്ന വിധത്തിലുള്ള കസേരകളും ഒരുക്കുവാൻ പരിശ്രമിക്കുമെന്നും എം.പി. കൂട്ടിച്ചേർത്തു. റയിൽവേയുടെ തരിശ് ആയി കിടക്കുന്ന സ്ഥലം പ്രയോജന പ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര റയിൽവേ മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എം.എൽഎ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി, വി.ജെ. പൗലോസ് എക്സ് എം.എൽ.എ, സ്ലീബാ കാട്ടുമങ്ങാട്ട് കോർഎപ്പിസ്കോപ്പാ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് രൻജി കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം യൽദോ ടോം പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജയകുമാർ എന്നിവർ പ്രസംഗിച്ചു.