വയനാട് ദുരന്തം കേന്ദ്ര സഹായം അനുവദിക്കാത്തത് പ്രതിക്ഷേധാർഹം
ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം :-നാനൂറിലേറെ ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാട് ഉരുൾ പൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കി സഹായം അനുവദിക്കാൻ കഴിയില്ലന്ന കേന്ദ്രസർക്കാർ നിലപാട് പ്രതിക്ഷേധാർഹമാണന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവനയിൽ പറഞ്ഞു.
ദുരന്തമുണ്ടായ സ്ഥലങ്ങൾ പ്രധാനമന്ത്രി അടക്കമുള്ളവർ നേരിട്ട് കണ്ട് മനസിലാക്കിയിട്ടും ദേശീയ ദുരന്തമായി കണക്കാക്കാൻ സാധിക്കില്ലന്ന കേന്ദ്ര സർക്കാർ നിലപാട് വിചിത്രമാണ്.
പ്രളയവും ഉരുൾ പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യപിക്കാൻ കേന്ദ്ര സർക്കാരിൻ്റെ മാനദണ്ഡങ്ങൾ അനുവദിക്കില്ലന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മറുപടി കേരളത്തോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിന് ശേഷം ആന്ധ്രയിലും തെലുങ്കാനയിലും ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് 3448 കോടി രൂപയുടെ സഹായം ഈ സംസ്ഥാങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുകയുണ്ടായി. ഈ സഹായം അനുവദിച്ചത് ഏത് മാനദണ്ഡപ്രകാരമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യു.പി.എ ഗവൺമെൻ്റിൻ്റെ കാലത്തെ മാനദണ്ഡപ്രകാരം സഹായം അനുവദിക്കാൻ പറ്റില്ലന്ന് പറഞ്ഞ് സഹായം നൽകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കാതെ സഹായം അനുവദിക്കാൻ കഴിയുന്ന വിധത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ആണ് കേന്ദ്ര സർക്കാർ ശ്രമിക്കേണ്ടതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
സംസ്ഥാന സർക്കാർ 1500 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടുകൊണ്ട് നൽകിയ നിവേദനത്തിൽ അപാകത ഉണ്ടെങ്കിൽ അതിൻ്റെ പേരിൽ സഹായം അനുവദിക്കാതിരിക്കുന്നത് കേരളത്തോട് കാണിക്കുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
അർഹമായ സഹായം അനുവദിക്കാത്ത കേന്ദ്രസർക്കാർ നിലപാടിനെതിരെ കേരളത്തിലെ എം.പി.മാർ ഒറ്റക്കെട്ടായി പാർലമെൻ്റിൽ ശബ്ദം ഉയർത്തുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.