അപു ജോൺ ജേസഫിന്റെ ഓർമ്മ കുറിപ്പ്….ഡോ: ശാന്താ ജോസഫ്




അമ്മ യാത്രയായിട്ട് രണ്ടുവർഷം തികയുന്നു. സമയം എത്രയോ വേഗത്തിലാണ് കടന്നുപോയത്! അമ്മയുടെ മരണവും ശവസംസ്കാര ചടങ്ങുകളും ഈ കഴിഞ്ഞ ദിവസം നടന്നത് പോലെയാണ് ഇപ്പോഴും മനസ്സിൽ. അമ്മ ഞങ്ങളുടെ കൂടെയില്ല എന്ന് ആദ്യമായി മനസ്സിൽ പതിഞ്ഞത്, അമ്മയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം അടുത്ത ദിവസം  പള്ളിയിൽ പോയി കുർബാന സ്വീകരിച്ചതിനു ശേഷമാണ്. സാധാരണ കുർബാന സ്വീകരിച്ചതിനുശേഷം അപ്പച്ചനും അമ്മയ്ക്കും പിന്നെ യമുനാ ജോ അവരുടെ കുട്ടികൾ അന്തോണിച്ചൻ ഉഷ അവരുടെ മക്കൾ (പണ്ട് ജോ കുട്ടനും) പിന്നെ അനുവിന്റെ കുടുംബാംഗങ്ങളും മറ്റ് ബന്ധുക്കളും അതിനുശേഷം എന്റെ കുടുംബത്തിലുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അന്ന് കുർബാന കൈക്കൊണ്ടതിന് ശേഷം അപ്പച്ചനെയും അമ്മയെയും എന്ന് പറഞ്ഞു തുടങ്ങിയപ്പോഴാണ് അമ്മ ഇനിയില്ലല്ലോ എന്ന ചിന്ത ആദ്യമായി മനസ്സിൽ വരുന്നത്. ജോക്കുട്ടൻ ആ ലിസ്റ്റിൽ നിന്നും മാറിയത് പോലെ തന്നെ അമ്മയും മാറുവാൻ കുറച്ചു ദിവസങ്ങൾ എടുത്തു.

അമ്മയും ഞാനുമായി ഉള്ള എന്റെ ആദ്യകാല  ഓർമ്മകളിൽ ഒന്ന് ഞാൻ ഒന്നാം ക്ലാസിൽ തിരുവനന്തപുരത്ത് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്. അന്ന് അപ്പച്ചൻ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാണ്. മന്ത്രിയുടെ ഭാര്യയാണെങ്കിലും അമ്മ മിക്കവാറും തിരുവനന്തപുരത്ത് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തിരുന്നത് അവിടുത്തെ പഴയ സിറ്റി സർവീസ് ബസ്സിൽ ആയിരുന്നു. ഒരു മെറൂൺ ക്രീം കളർ  കോമ്പിനേഷൻ ഉള്ള  പഴയ സിറ്റി സർവീസ് ബസ്. ഇന്നത്തെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവൻ അന്ന് അപ്പച്ചന്റെ ഔദ്യോഗിക വസതി ആയിരുന്നു. ഒരു ദിവസം പാളയത്തോ മറ്റോ മാർക്കറ്റിൽ പോയപ്പോൾ അമ്മ എന്നെയും കൂടെ കൂട്ടി. തിരിച്ച് ബസ്സിൽ കയറി വന്നപ്പോൾ ഭയങ്കര തിരക്ക്. വെള്ളയമ്പലം സ്റ്റോപ്പ് എത്തിയപ്പോൾ അമ്മ ഇറങ്ങുവാൻ ആയിട്ട് പുറകോട്ട് പോയി. അമ്മയുടെ പുറകെ കൈ പിടിച്ച് ഞാനും. പക്ഷേ തിരക്കിൽപ്പെട്ട് അമ്മയുടെ കൈ എന്റെ കയ്യിൽ നിന്നും വിട്ടു പോയി. ഞാൻ പേടിച്ചരണ്ട്  വലിയ വായിൽ അമ്മേ അമ്മേ എന്ന് ഉറക്കെ കാറി വിളിച്ചു. അപ്പോൾ അതിലും ശബ്ദത്തിൽ മിണ്ടാതിരിയെടാ എന്ന് ഇടി വെട്ടുന്ന പോലെ ഒരു ശബ്ദം. അമ്മയുടെ ശബ്ദം കേട്ട് ബസ്സ് മൊത്തം പൂർണ്ണ നിശബ്ദത. ആളുകൾ വഴി മാറിത്തന്നു. ഞാൻ അമ്മയുടെ പുറകെ ബസ്സിന് പുറത്തേക്ക്. ഇറങ്ങി ചെന്ന വഴി കിട്ടി വീണ്ടും ഒരു ഡോസ്!

ഏതാണ്ട് ആറാം ക്ലാസ് വരെ അമ്മ എന്നെ പഠിപ്പിക്കുമായിരുന്നു. നുള്ളിപ്പറിക്കും ചെവിക്ക് പിടുത്തത്തിനും ഒരു പഞ്ഞവുമില്ലാത്ത കാലം. വല്ലിച്ചാച്ചന്റെ കാല് തിരുമ്മൽ എന്റെ ദൈനംദിന ദിനചര്യയിൽ പെട്ട കാര്യമായിരുന്നു. ഏതാണ്ട് ഏഴു മണിയോട് കൂടി അമ്മ പഠിക്കാൻ വിളിക്കും. തൊട്ടപ്പുറത്തെ കട്ടിലിൽ വല്ലിച്ചാച്ചൻ കിടപ്പുണ്ടാവും. അമ്മ എവിടേക്കെങ്കിലും ഒന്ന് മാറിയാൽ ഞാൻ വിളിച്ച് ചോദിക്കും.”ഇച്ചാച്ചാ കാല് തിരുമ്മണോ?” അങ്ങനെ അമ്മയെ പറ്റിച്ച് ഏതാണ്ട് ഒരു മണിക്കൂറോളം തിരുമ്മലോട് തിരുമ്മൽ!! അത് കഴിയുമ്പോൾ കുരിശുവര, അത്താഴം, പിന്നെ ഉറങ്ങാൻ സമയമാകും. ഈ പറ്റിക്കലിന്റെയും കാല് തിരുമ്മലിന്റെയുമൊക്കെ റിസൾട്ട് മാർക്ക് ഷീറ്റിലും നന്നായി പ്രതിഫലിക്കുമായിരുന്നു എന്നത് മറ്റൊരു സത്യം😁. പഠിക്കാൻ പൊതുവെ താൽപര്യക്കാരനായിരുന്നത്കൊണ്ട് അമ്മ പഠിപ്പിക്കുമ്പോൾ പലപ്പോഴും ക്ഷമകെട്ട് എന്നെ വഴക്ക് പറയുന്നത് പുറപ്പഴ കവല വരെ കേൾക്കാമെന്ന് നാട്ടുകാർ പറയുമായിരുന്നു. പലപ്പോഴും ഈ ആക്രമണ പരമ്പരകളിൽ എന്റെ രക്ഷകൻ വല്ലിച്ചാച്ചനായിരുന്നു.  പഠിപ്പിസ്‌റ്റായിരുന്ന യമുന ഈ കാര്യത്തിൽ സേഫായിരുന്നെങ്കിലും അനുസരണക്കേടിന് ഇഷ്ടം പോലെ മേടിച്ചിട്ടുണ്ട്. അനിയൻ അന്തോണിച്ചന്റെ കാര്യം പിന്നെ പറയണ്ട!!

വായനയും സിനിമയുമായിരുന്നു അമ്മയുടെ എറ്റവും വലിയ വീക്ക്നസ്സ്. ചോക്കലേറ്റുകളുടെ സ്ഥാനവും അത്ര പുറകിലല്ല. ഡയബറ്റിക്കുള്ളയാൾ ചോക്ലേറ്റ് കഴിച്ച് ഇൻസുലിൻ ഡോസ് കൂട്ടി “അഡ്ജസ്റ്റ്” ചെയ്യുമായിരുന്നു. വായനയുടെ കാര്യത്തിൽ അമ്മയെ കടത്തിവെട്ടുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. കോളേജിലെ മിൽസ് ആന്റ് ബൂൺ കാലംതൊട്ട് അമ്മ പുസ്തകങ്ങൾ വാങ്ങിയാണ് വായിച്ചിരുന്നത്. അമ്മയുടെ ആയിരക്കണക്കിന് പുസ്തകങ്ങൾ ഇപ്പോഴും വീട്ടിലുണ്ട്. എല്ലാം ഇംഗ്ലീഷ് ഫിക്ഷൻ. സിനിമയുടെ കാര്യം പറഞ്ഞല്ലോ. ഇന്നുമോർക്കുന്നു, സ്കൂളിൽ പഠിക്കുന്ന കാലത്ത് എറണാകുളത്ത് ഒരു ദിവസം അടുപ്പിച്ച് നാല് സിനിമ ഞങ്ങൾ കണ്ടിട്ടുണ്ട്. നൂൺഷോ, മാറ്റിനി, ഫസ്റ്റ്ഷോ, സെക്കൻഡ്ഷോ. ഒരു തീയറ്ററിൽ നിന്നും അടുത്ത തീയറ്ററിലേക്ക് സിനിമ തുടങ്ങുന്നതിന് മുമ്പെത്താൻ മരണപ്പാച്ചിൽ. ഭക്ഷണമൊന്നും അന്നൊരു വിഷയമേയല്ലായിരുന്നു. ത്രില്ലോട് ത്രില്ല്. അതൊക്കെ സുവർണ്ണ കാലം!! ഇടി സിനിമക്ക് പോയാൽ സ്ക്രീനിലേക്കാൾ ആക്ഷൻ അമ്മയുടെ മുഖത്തും കൈകാലുകളിലുമൊക്കെയായിരുന്നു. അമിതാബ് ബച്ചന്റെ പല സിനിമകൾക്കുമിടയിൽ മുൻ സീറ്റിലിരുന്ന പല ഹതഭാഗ്യവൻമാർക്കും അമ്മയുടെ തൊഴി കൊണ്ടിട്ടുണ്ട് എന്ന് തമാശയായി പറഞ്ഞിരുന്നെങ്കിലും അതിൽ കുറച്ചൊക്കെ വാസ്തവങ്ങളില്ലേയെന്ന് ഇപ്പോൾ ഒരു സംശയമുണ്ട്🤔 ടിവി സീരിയൽ കേരള ജനതയേയും അമ്മയേയും പിടി മുറുക്കിയതിന് ശേഷം വായനയും സിനിമയും കുറഞ്ഞു. പലപ്പോഴും അമ്മ സീരിയൽ കാണുമ്പോൾ അനുവും ഞാനും അമ്മയുടെ “എക്സ്പ്രഷൻസ്” നോക്കിയിരിന്നിട്ടുണ്ട്. ആ മുഖത്ത് നിന്നും നവരസങ്ങളെ വെല്ലുന്ന ഭാവങ്ങൾ നിർലോപം വഴിഞ്ഞൊഴുകുന്ന കാഴ്ച ഏതൊരു സിരിയലിനേക്കാളും വലിയ എന്റർറ്റെയിന്റ്മന്റായിരുന്നു. ഈ കാര്യത്തിൽ അമ്മയുടെ അനിയത്തി പോളിയാന്റിയും അത്ര മോശമല്ല!!

ഗൈനക്കോളജിസ്റ്റായിരുന്ന അമ്മയുടെ കരിയറിന്റെ ഭൂരിഭാഗവും ഗവർണ്മന്റ് സർവീസിൽ തൊടുപുഴയിലായിരുന്നു. ഇന്ന് തൊടുപുഴയിൽ പലരേയും കാണുമ്പോൾ നിരവധി പേർ പറയാറുണ്ട് അവർ ജനിച്ചപ്പോൾ അവരുടെ അമ്മയുടെ പ്രസവമെടുത്തത് ഡോ: ശാന്തയായിരുന്നെന്ന്. ഒരു ദിവസം ഇതു പോലെ ഒരു പ്രസവം കഴിഞ്ഞപ്പോൾ ആ സ്ത്രീയുടെ ഭർത്താവ് അമ്മയെ കാണാൻ വന്നു. സാധുവായ ആ മനുഷ്യൻ കുറച്ച് പണമെടുത്ത് അമ്മയുടെ നേർക്ക് നീട്ടി. ഞാൻ പണം വാങ്ങാറില്ല എന്ന് പലയാവർത്തി അമ്മ പറഞ്ഞിട്ടും അയാൾ വഴങ്ങുന്നില്ല. അവസാനം എന്തെങ്കിലും വാങ്ങണമെന്നായി. ആശുപത്രിയുടെ തൊട്ടു പുറത്തുള്ള ചായ കടയിലെ പപ്പടവട അമ്മക്കിഷ്ടമായിരുന്നു. എന്നാൽ പിന്നെ രണ്ട് പപ്പടവട വാങ്ങി തന്നേക്കാൻ പറഞ്ഞു. ഈ സംഭവത്തിന് ശേഷം അമ്മയും നഷ്സുമാരും ഞങ്ങളുമെല്ലാം പപ്പടവട തിന്നു മടുത്തു. കാരണം ഓരോ ദിവസവും ആശുപത്രിയിൽ മൂന്നും നാലും പ്രസവം. ഓരോ പ്രസവം കഴിയുമ്പോഴും ഓരോ പൊതി പപ്പടവട. ആ കാലത്ത്  ആശുപത്രിയിൽ കയറുന്ന ഗർഭിണികളുടെ എണ്ണം നോക്കിയാണ് ചായക്കടക്കാരൻ പപ്പടവട ഉണ്ടാക്കിക്കൊണ്ടിരുന്നത് 😄😄😄

അപ്പച്ചന്റെ എല്ലാ കാര്യങ്ങളിലും ഉറച്ച പിന്തുണയാണ് അമ്മ എന്നും നൽകിക്കൊണ്ടിരുന്നത്. ഉയർച്ചകളിലും താഴ്ചകളിലും എല്ലാം, പ്രത്യേകിച്ച് താഴ്ചകളിൽ, കട്ട സപ്പോർട്ട്. ഇച്ചാച്ചന്റെ കാലശേഷം പുറപ്പുഴയിലെ വീട്ടിലെ കാര്യങ്ങളെല്ലാം അമ്മയായിരുന്നു നോക്കിനടത്തിക്കൊണ്ടിരുന്നത്, അപ്പച്ചന്റെ ഒരു ഗൈഡൻസിൽ. നാത്തൂന്മാർക്കും അമ്മയുടെ സഹോദരീ സഹോദരന്മാർക്കും അമ്മ എന്നും ഒരു നല്ല സുഹൃത്തും കൂടപ്പിടപ്പുമായിരുന്നു. അമ്മയുടെ ഡോക്ടർ സുഹൃദ് വലയത്തിൽ അമ്മയായിരുന്നു എന്നും ഫോക്കസ് സെന്റർ. അമ്മയുടെ ഡയലോഗുകളും പൊട്ടിച്ചിരികളുമായിരുന്നു അവരുടെ ഒത്തുചേരലുകളിലെ ഹൈലൈറ്റ്. കരളിന് അസുഖം ബാധിച്ചതിനെ തുടർന്നും അമ്മ വളരെ ആക്ടീവായിരുന്നു, അവസാനത്തെ ഒന്നോ രണ്ടോ വർഷമൊഴിച്ചാൽ. പറ്റുമ്പോഴൊക്കെ പുത്തമ്പള്ളിയിലെ(അമ്മയുടെ അപ്പന്റെ തറവാട്) വാർഷിക കൂട്ടായ്മയിലും, അങ്കമാലിയിലെ പരിപാടികളിലും, തൊടുപുഴയിലെ സുഹൃത്തുക്കളുടെ ഒത്തുകൂടലുകളിലുമെല്ലാം അമ്മ പങ്കെടുത്തിരുന്നു.

അമ്മ പോയി രണ്ട് വർഷം തികയുമ്പോൾ പലപ്പോഴും, പല സന്ദർഭങ്ങളിലും, ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടാവുമ്പോഴുമൊക്കെ അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് നിനച്ചു പോകാറുണ്ട്.
ഒരു കുട്ട മാമ്പഴവുമായി ഔസേപ്പച്ചന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ശാന്തമ്മ! ഒരിക്കലും സാരിക്ക് മാച്ചിംഗ് ബ്ലൗസിടാത്ത, പൊട്ടിച്ചിരിക്കുന്ന, ചെവിക്കുപിടിക്കുന്ന, തമാശ പറയുന്ന, ആരെയും കൂസാത്ത,  അനേകായിരങ്ങളുടെ ജീവിതങ്ങളെ സ്പർശിച്ച ഡോ: ശാന്താ ജോസഫ്, അഥവാ, ഇപ്പോൾ ജോക്കുട്ടനുമൊത്ത് സീരിയലുകൾ കണ്ടു കൊണ്ടിരിക്കുന്ന “സ്വർഗസ്ഥയായ ഞങ്ങളുടെ മാതാവ്”: അമ്മ!!

കടപ്പാട് അപു ജോൺ ജോസഫ്.