Kerala

പാലാ-തൊടുപുഴ റോഡിൽ അപകടം: നിയന്ത്രണം വിട്ട കാർ ടൈൽ കട തകർത്തു; ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം



പാലാ-തൊടുപുഴ സംസ്ഥാന പാതയിൽ ഐങ്കൊമ്പിൽ ഇന്ന് രാവിലെ വലിയ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ ടൈൽ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. പാലാ ഭാഗത്തുനിന്നും തൊടുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറോടിച്ചിരുന്ന ആൾക്ക് ക്ഷീണത്തെ തുടർന്ന് ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. കാർ ഇടിച്ചുകയറിയ ടൈൽ കടയുടെ മുൻവശത്തെ സ്ലാബുകൾക്കും ടൈലുകൾക്കും വലിയ നാശനഷ്ടമുണ്ടായി.
അപകടസമയം കടയിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഭാഗ്യവശാൽ, വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് ആർക്കും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.