Kerala

പാലായിൽ കത്തിക്കുത്ത്: യുവാവ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ


പാലായിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. മരിച്ചയാൾ ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ സ്വദേശിയായ വിപിൻ (29) ആണ്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്റെ സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ ബിനീഷിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ ഇന്ന് രാത്രിയാണ് സംഭവം നടന്നത്. തെക്കേക്കരയിൽ ഒരു വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് എത്തിയവരാണ് വിപിനും ബിനീഷും; നാളെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടക്കാനിരിക്കെയാണ് ഈ ദാരുണസംഭവം. കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച വിപിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബിനീഷിനും കുത്തേറ്റിട്ടുണ്ട്. വിപിന്റെ മരണവിവരം അറിയാതെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് ബിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.