പാലാ ഐങ്കൊമ്പിൽ കാറും ടിപ്പറും കൂട്ടിയിടിച്ചു: ശബരിമല തീർത്ഥാടകരായ അഞ്ചുപേർക്ക് പരിക്ക്
പാലാ: പാലാ – തൊടുപുഴ റോഡിൽ ഐങ്കൊമ്പിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് വയസ്സുകാരിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ ഹർഷിത (7), സുനിൽ കുമാർ (33), യല്ലീഷ (28), വെങ്കിടേഷ് (40), നാരായണ സ്വാമി (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.15-ഓടെയായിരുന്നു അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നും ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർത്ഥാടകർ എന്നാണ് വിവരം. ഐങ്കൊമ്പ് ഭാഗത്തുവെച്ച് ടിപ്പർ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

