‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ’ വീണ്ടും തരംഗമായതിന് പിന്നാലെ വമ്പൻ പ്രഖ്യാപനം; 30 വർഷം പഴക്കമുള്ള ‘അന്ന’യ്ക്ക് പുതിയ തുടക്കം!
കൊച്ചി: മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ ‘പുലിമുരുകൻ’ എന്ന ചിത്രത്തിന്റെ പത്താം വാർഷികദിനത്തിൽ ശ്രദ്ധേയമായ പ്രഖ്യാപനവുമായി നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാക്കാനാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ നിർമ്മാണാവകാശം സ്വന്തമാക്കിയതായി അദ്ദേഹം അറിയിച്ചു.‘അന്ന’യിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം വർഷങ്ങൾക്കിപ്പുറം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതോടെയാണ് പൂർത്തിയാകാതെ പോയ ഈ സിനിമയെക്കുറിച്ചുള്ള ചർച്ചകളും അന്വേഷണങ്ങളും സജീവമായത്.ഇതോടെയാണ് ‘അന്ന’യുടെ കഥയും അതിനോടൊപ്പമുള്ള ഓർമ്മകളും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തോടെ സിനിമയുടെ നിർമ്മാണാവകാശം ഏറ്റെടുത്തതെന്ന് ടോമിച്ചൻ മുളകുപാടം വ്യക്തമാക്കിയത്.“മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം” എന്നാണ് അദ്ദേഹം ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.ചിത്രത്തിന്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും, ചില കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്താൻ സമയമെടുക്കട്ടെയെന്നും ടോമിച്ചൻ മുളകുപാടം കുറിച്ചു.മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്. ❤️മലയാള സിനിമയിൽ ഏറെ കൗതുകമുണർത്തിയ പഴയൊരു സിനിമയ്ക്ക് പുതിയ കാലത്ത് ലഭിക്കുന്ന ഈ രണ്ടാം അവസരം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.

