കുരങ്ങുപനി ആശങ്കയില്‍ അമേരിക്ക; ആദ്യ കേസ് സ്ഥിരീകരിച്ചു

കോവിഡ് ആശങ്ക ഒഴിഞ്ഞതിന് പിന്നാലെ അമേരിക്കയില്‍ കുരങ്ങു പനി സ്ഥിരീകരിച്ചു. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. കാനഡയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രവിന്‍ഷന്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം വന്നവരെ നിരീക്ഷിക്കുകയാണെന്നും കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സാധാരണയായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യാറുള്ള കുരങ്ങുപനി യൂറോപ്പിലൊട്ടാകെ ആശങ്ക പരത്തുകയാണ്. പോര്‍ച്ചുഗലില്‍ അഞ്ച് പേര്‍ക്കും ബ്രിട്ടണില്‍ രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌പെയിനിലെ സെന്‍ട്രല്‍ മാഡ്രിഡില്‍ മാത്രം 23 കേസുകള്‍ കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചത്. വസൂരി പോലെയുള്ള രോഗങ്ങള്‍ പരത്തുന്ന വൈറസുകളുടെ ഓര്‍ത്തോപോക്‌സ് വൈറസ് ഗണത്തില്‍പെട്ടതാണ് കുരങ്ങുപനി പരത്തുന്ന വൈറസ്. എന്നാല്‍ രോഗലക്ഷണം അത്ര വലുതായിരിക്കില്ല. 1980ല്‍ വാക്‌സീന്‍ ഉപയോഗത്തോടെ വസൂരിയെ തുടച്ചുമാറ്റിയെങ്കിലും കുരങ്ങുപനിയെ പൂര്‍ണമായും തടയാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. പനിയും ത്വക്കില്‍ ചുണങ്ങും ഉണ്ടാക്കുന്ന ഒരു വൈറസാണിത്. പനി, വിറയല്‍, തലവേദന, പേശിവേദന, ക്ഷീണം, ലിംഫ് നോഡുകള്‍ വീര്‍ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നത്. ശരീര സ്രവങ്ങള്‍, ചര്‍മ്മ വ്രണങ്ങള്‍, വായ അല്ലെങ്കില്‍ തൊണ്ട പോലുള്ള ആന്തരിക മ്യൂക്കോസല്‍ പ്രതലങ്ങള്‍, ശ്വസന തുള്ളികള്‍, അണുബാധയുള്ള വസ്തുക്കള്‍ എന്നിവയിലൂടെ പകരാം. 1958-ല്‍ കുരങ്ങുകളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്, അതിനാലാണ് കുരങ്ങുപനി(Monkeypox) എന്ന പേരിട്ടത്. കൂടുതല്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.