തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു; 40 വിദ്യാര്‍ഥികള്‍ ചികില്‍സ തേടി

ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് വയറിളക്കം, ചര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളോടെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയിരുന്നു. തുടര്‍ന്ന് രോഗ ലക്ഷണമുളള രണ്ട് വിദ്യാര്‍ത്ഥികളുടെ മലം പരിശോധിച്ചതില്‍ നിന്നാണ് ഒരു വിദ്യാര്‍ത്ഥിക്ക് ഷിഗല്ല അണുബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഒരാഴ്ച മുന്‍പാണ് വിദ്യാര്‍ഥികള്‍ ചികിത്സ തേടിയെത്തിയത്. സമാന രോഗ ലക്ഷണങ്ങളോടു കൂടിയ നാല്പതോളം വിദ്യാര്‍ത്ഥികള്‍ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. അവരെ ഹോസ്റ്റലില്‍ തന്നെ ശുചിമുറികളോടു കൂടിയ മുറികളില്‍ മാറ്റി പാര്‍പ്പിക്കുന്നതിനും രോഗ വ്യാപനം തടയുന്നതിനുവേണ്ടിയുളള മറ്റു കര്‍ശന നിര്‍ദ്ദേശങ്ങളും കോളജ് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.