മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. എറണാകുളം ജില്ലാ കോടതിയിൽ എത്തിയാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന മൊഴി നൽകിയത്. ഇഡിക്കെതിരെ സംസാരിക്കാൻ സംസ്ഥാന പൊലീസ് നിർബന്ധിച്ചു എന്നടക്കം വെളിപ്പെടുത്തലിൽ സ്വപ്ന മൊഴി നൽകിയതായാണ് വിവരം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് വ്യക്തമാക്കി.
‘എനിക്കെതിരെയുള്ള കേസിൽ ഉൾപ്പെട്ടിട്ടുള്ള എം.ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, സി.എം.രവീന്ദ്രൻ, കെ.ടി.ജലീൽ, നളിനി നെറ്റോ എന്നിവരുടെ കേസിലെ പങ്കാളിത്തം എന്താണെന്ന് മൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്.മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ അറിയിച്ചു. ആ ബാഗ് കോൺസുലേറ്റിന്റെ ഉദ്യോഗസ്ഥർ കൊണ്ടുവന്നപ്പോൾ അതിൽ കറൻസി ആണെന്ന് മനസ്സിലായി. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.
അതിനൊപ്പം ജവഹർ നഗറിൽനിന്ന് കോൺസുലേറ്റ് ജനറലിന്റെ ഓഫിസിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങൾ ശിവശങ്കറിന്റെ നിർദേശ പ്രകാരം എത്തിച്ചിട്ടുണ്ട്. ഇതിൽ ബിരിയാണി മാത്രമല്ല, ഭാരമുള്ള നിരവധി വസ്തുക്കളും ഉണ്ടായിരുന്നുസമയമാകുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും.’– കോടതിയിൽ മൊഴി നൽകിയതിനു ശേഷം മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് വെളിപ്പെടുത്തി.