ആന്ധ്രയിൽ നിന്നും മലയാളി ആയിട്ട് അരനൂറ്റാണ്ട്

ആന്ധ്രാപ്രദേശിൽ നിന്നും വിരുന്നുവന്ന് മലയാളത്തെ നെഞ്ചിലേറ്റിയിട്ട് ജോസ് ചേട്ടൻ അര നൂറ്റാണ്ട് പിന്നിടുന്നു.ആന്ധ്രപ്രദേശിലെ പറക്കാൽ സ്വദേശികളായമാതാ പിതാക്കളും, സാമിയ സിൽക്ക എന്ന അനിയനും പെങ്ങളും അകാലത്തിൽ മരണപ്പെട്ടതോടുകൂടി അനാഥത്വത്തിലേക്ക് കൈവിടപ്പെട്ട കൊർണേലിയോസിനെ, ആന്ധ്രാപ്രദേശിൽ പറക്കാൽ മിഷനറിയായിരുന്ന മുൻ സിഎസ്ഐ മോഡറേറ്റർ മോസ്റ്റ്
കെ ജെ സാമുവേൽ ബിഷപ്പാണ് പത്താംവയസ്സിൽ മേലുകാവിൽ കൊണ്ടുവന്നത്.ജോസ് എന്ന വിളിപ്പേരുമിട്ടു. സ്കൂളിൽ വിട്ട് പഠിപ്പിച്ചു. മലയാളം മാതൃഭാഷ പോലെ സംസാരിക്കുന്ന എപ്പോഴും പുഞ്ചിരിക്കുന്ന മനുഷ്യസ്നേഹിയായ ജോസിനെ നാട്ടുകാർ ആന്ധ്ര ജോസ് എന്ന് വിളിക്കാൻ തുടങ്ങി. വിവാഹ പ്രായമെത്തിയപ്പോൾ മേലുകാവ് അറയ്ക്കത്തോട്ടത്തിൽ അന്നമ്മയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കളുണ്ട്. വിവാഹശേഷം കുടുംബം പോറ്റുവാൻ കഠിനാധ്വാനിയായ ജോസ് തടി കച്ചവടത്തിലേക്ക് തിരിഞ്ഞു. ഈ വരുമാനം കൊണ്ട് കൊണ്ട് സ്ഥലം വാങ്ങി വീടു പണിതു. മക്കളെ നന്നായി പഠിപ്പിച്ചു. മൂത്തമകൻ ഡോ.ജിജോ എ.ജെ പെരിന്തൽമണ്ണയിൽ എംഇഎസ് ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സർജനാണ്.ഇളയമകൻ ജിൻ്റോ ജോസ് ദുബായിൽ ജോലിയിൽ ആണ്. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ബിഷപ്പ് കെ ജെ സാമുവേലിൻ്റെ അടുക്കൽ എത്തിക്കഴിഞ്ഞാൽ പിന്നീട് തെലുങ്കിലാണ് സംസാരം മുഴുവൻ. തനിക്ക് ഒരു ജീവിതം തന്ന ബിഷപ്പ് കെ ജെ സാമുവേലിൻ്റെ ഏത് ആവശ്യത്തിനും ഓടിയെത്തുന്ന അറുപത് കാരനായ ജോസ് ഏത് സഹായത്തിനും സദാ സന്നദ്ധനാണ്. മലയാളത്തെയും മലയാളികളെയും മേലുകാവിനെയും സ്വന്തം എന്ന പോലെ ഏറെ സ്നേഹിക്കുന്ന ആന്ധ്ര ജോസ് നാടിൻ്റെ പ്രിയപ്പെട്ട ജോസേട്ടനാണ്.