തീക്കോയി – വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ യുവാക്കൾ ചേർന്ന് പിന്തുടർന്ന് പിടികൂടി

തീക്കോയി – വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ യുവാക്കൾ ചേർന്ന് പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. കാരികാട് ടോപ്പിന് സമീപം അമിത വേഗത്തിൽ എത്തിയ മിനി ടാങ്കർ ലോറി മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തീക്കോയി പഞ്ചായത്ത് അംഗം കൂടിയായ രതീഷും സുഹൃത്തുക്കളായ ടിബിൻ, ജിമ്മിച്ചൻ, ഗോകുൽ എന്നിവരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും ഇവർ ലോറിയുമായി വാഗമൺ ഭാഗത്തേക്ക് കടന്നുകളഞ്ഞു. എന്നാൽ യുവാക്കൾ നാലുപേരും ലോറിയെ പിന്തുടരുകയായിരുന്നു. ലോറി അമിത വേഗത്തിൽ ആയതിനാൽ മുന്നിൽ കയറി തടയാൻ ഇവർക്കായില്ല. എന്നാല് ഇവർ തന്നെ വാഗമൺ ചെക്ക് പോസ്റ്റിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചെക്ക് പോസ്റ്റ് അടച്ച് ലോറി തടയുകയായിരുന്നു. തുടർന്ന് വാഗമണ്ണിൽ നിന്നും പോലീസ് സ്ഥലത്തെത്തി ലോറിയിൽ ഉണ്ടായിരുന്നവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.മാലിന്യം തള്ളുന്നത് നിത്യസംഭവമായിരിക്കുന്നു ഇതിനെതിരെ ശക്തമായ നിയമ നടപടികൾ അധികൃതർ എടുക്കണമെന്നും നാട്ടുകാർ ആവശ്യപെട്ടു .

Leave a Reply