കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യത്ത് അക്രമാസക്തമായി.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യത്ത് അക്രമാസക്തമായി. ബിഹാറിലാണ് പ്രതിഷേധം കൂടുതല്‍ കടുത്തത്. ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും റെയില്‍, റോഡ് ഗതാഗതം കരസേനാ ഉദ്യോഗാര്‍ഥികള്‍ തടസ്സപ്പെടുത്തി. പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രോഷാകുലരായ യുവാക്കള്‍ ട്രെയിന് തീയിട്ടു. ബസ്സുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഭാഭുവ റോഡ് റെയില്‍വേ സ്‌റ്റേഷനിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്. ഒരു കോച്ചിന് തീയിടുകയും ചെയ്തു.
ഇന്ത്യന്‍ ആര്‍മി പ്രേമികള്‍’ എന്ന ബാനര്‍ പിടിച്ചാണ് പുതിയ റിക്രൂട്ട്‌മെന്റ് സ്‌കീമിനെതിരേ മുദ്രാവാക്യം വിളിച്ചത്. നവാഡയില്‍ കോടതിയിലേക്ക് പോവുകയായിരുന്ന ബിജെപി എംഎല്‍എ അരുണാ ദേവിയുടെ വാഹനത്തിന് നേരേ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. നിയമസഭാംഗമടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നവാഡയിലെ ബിജെപി ഓഫിസും പ്രതിഷേധക്കാര്‍ തകര്‍ത്തു. റെയില്‍, റോഡ് ഗതാഗതമെല്ലാം താറുമാറായിരിക്കുകയാണ്. 22 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കുകയും അഞ്ചെണ്ണം ഭാഗികമായി നിര്‍ത്തേണ്ടിവരികയും ചെയ്തതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. ജെഹാനാബാദ്, ബക്‌സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു.
അറായിലെ റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലിസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. കാറില്‍ സ്ഥാപിച്ച പാര്‍ട്ടി പതാക അവര്‍ വലിച്ചുകീറിയതായി എംഎല്‍എ ആരോപിച്ചു. ഡ്രൈവര്‍ക്കും രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും രണ്ട് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും പരിക്കേറ്റു. അക്രമത്തിനെതിരേ എംഎല്‍എ പോലിസില്‍ പരാതി നല്‍കി. അറായിലെ റെയില്‍വേ സ്‌റ്റേഷനില്‍ പോലിസിന് നേരേ കല്ലെറിഞ്ഞ പ്രതിഷേധക്കാരുടെ ഒരു വലിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചു.

Leave a Reply