രാജ്യസഭാ സീറ്റ് വിഭജനം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി മുതിര്‍ന്ന നേതാക്കളാണ് ഭിന്നതയുമായി രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ പുറത്തുനിന്നുള്ള നേതാക്കളെ മത്സരിപ്പിക്കുന്നതിലാണ് എതിര്‍പ്പ് രൂക്ഷം. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ വിമര്‍ശിച്ച് നാഗ്മ രംഗത്തെത്തി. 2003ല്‍ താന്‍ പാര്‍ട്ടിയില്‍ എത്തുമ്പോള്‍ തനിക്ക് രാജ്യസഭാ സീറ്റ് സോണിയ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്ന് പാര്‍ട്ടിക്ക് അധികാരമില്ലായിരുന്നു. എന്നാല്‍ അതിനു ശേഷം 18 വര്‍ഷങ്ങള്‍ പിന്നിട്ടു. അവര്‍ ഒരു അവസരവും നല്‍കിയില്ല. തനിക്ക് പകരം ഇമ്രാനെയാണ് മഹാരാഷ്ട്രയില്‍ നിന്ന് പരിഗണിച്ചത്. താന്‍ അത്ര പോലും പരിഗണന അര്‍ഹിക്കുന്നില്ലേ? അവര്‍ ചോദിക്കുന്നു. രാജസ്ഥാനില്‍ നിന്നും സന്‍യം ലോധ എം.എല്‍.എയും എതിര്‍പ്പുമായി രംഗത്തെത്തി. പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തുനിന്നുള്ള നേതാക്കളെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് എം.എല്‍.എ ചോദിക്കുന്നു. രാജസ്ഥാനില്‍ നിന്ന് റണ്‍ദീപ് സിംഗ് സുര്‍ജെവാല, മുകുള്‍ വാസനിക്, പ്രമോദ് തിവാരി എന്നിവരെയാണ് മത്സരിപ്പിക്കുന്നത്. ഇവര്‍ മൂന്നു പേരും സംസ്ഥാനത്തുള്ളവരല്ല. തന്റെ തപസ്യയില്‍ എന്തോ ഒന്നിന്റെ കുറവുണ്ടെന്നായിരുന്നു മുതിര്‍ന്ന നേതാവ് പവന്‍ ഖേരയുടെ പ്രതികരണം. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എച്ച്.എന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടി വിട്ടു. വ്യക്തിപരമായ കാരണമെന്നാണ് ഇതിനു പറയുന്നത്. രാജ്യസഭ പാര്‍ക്കിംഗ് സ്ഥലമായെന്നായിരുന്നു മുതിര്‍ന്ന നേതാവ് മനീഷ് തിവാരി പരിഹസിച്ചു. 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കാണ് ജൂണ്‍ 10ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply