പാലാ ജനറൽ ആശുപത്രിയിൽ വൃക്കരോഗികൾക്ക്
ഡയാലിസിസ് ആരംഭിച്ചു.
പ്രതിമാസം 600 പേർക്ക് ഡയാലിസിസ് സൗകര്യമെന്ന് ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ പാലാ നഗരസഭാധ്യക്ഷൻ ആൻ്റോ ജോസ്
നീണ്ട കാത്തിരിപ്പിനു ശേഷം പാലാ ജനറൽ ആശുപത്രിയിൽ വൃക്കരോഗികൾക്ക് ഡയാലിസിസ് സൗകര്യം ലഭ്യമായി. രജിസ്ട്രർ ചെയ്തവരിൽ തിരഞ്ഞെടുത്ത അതിസങ്കീർണ്ണ അവസ്ഥയിലല്ലാത്ത മുഴുവൻ വൃക്കരോഗികൾക്കും പാലാ ജനറൽ ആശുപത്രിയിൽ ആശ്വാസമായി ഡയാലിസിസ് സൗകര്യം പൂർണ്ണ സജ്ജമായി തുറന്നു.
രണ്ട് വർഷo മുൻപ് ഇവിടെ എത്തിക്കുകയും പിന്നീട് തിരികെ കൊണ്ടു പോവുകയും ചെയ്ത 10 മിഷ്യനുകളും ജോസ്.കെ.മാണി എം.പിയുടെ ഇടപെടലിൽ തിരികെ എത്തിച്ചത് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചതായി നഗരസഭാ ചെയർമാൻ അറിയിച്ചു.
നഗരസഭാ ഫണ്ട് വിനിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയതിനെ തുടർന്നാണ് ഡയാലിസിസ് ഉപകരണങ്ങൾ സ്ഥാപിക്കപ്പെട്ടത്. ഡയാലിസിസ് രോഗികൾക്കായുള്ള പ്രത്യേക റൂം ബഡുകൾ എന്നിവയെല്ലാം സജ്ജീകരിച്ച് നേരത്തെ ട്രയൽ റൺ നടത്തിവരികയായിരുന്നു. ഇതു വരെ 50-ൽ പരം പേർക്ക് ഡയാലിസിസ് നൽകി കഴിഞ്ഞു. പൂർണ്ണമായും ശീതീകരിച്ച മുറിയാണ് സജീകരിച്ചിരിക്കുന്നത്.
കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്ന സമയത്താണ് ഡയാലിസിസ് ബ്ലോക്കിന് 8.80 കോടി രൂപയുടെ ഭരണാനുമതി നൽകി പ്രത്യേക കെട്ടിടo നിർമ്മിച്ചത്.
ഒരേ സമയം 10 പേർക്കും രണ്ട് ഷിഫ്ടുകളിലായി ആദ്യഘട്ടത്തിൽ 20 പേർക്കും ഡയാലിസിസ് സൗകര്യം ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും ആശുപത്രി വികസന സമിതി യോഗത്തിനു ശേഷം ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്ന മാനദണ്ഡം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു. മാണി. സി. കാപ്പൻ എം. എൽ. എ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇപ്പോൾ പ്രതിമാസം 600 പേർക്ക് സർക്കാർ നിരക്കിൽ ഡായാ ലിസിസ് സൗകര്യം ലഭ്യമാക്കും.രണ്ടാം ഘട്ടത്തിൽ ഒരു ഷിഫ്ട് കൂടി ക്രമീകരിച്ച് കൂടുതൽ പേർക്ക് ചികിത്സ നൽകും.ഇതിനായി ജീവനക്കാരെയും നിയോഗിച്ചു കഴിഞ്ഞു.
കിടത്തി ചികിത്സയ്ക്കുള്ള വാർഡും സജ്ജീകരിച്ചു കഴിഞ്ഞു.
നെഫ്രോളജി വിഭാഗം ഡോക്ടറുടെ സ്ഥിരം തസ്തികയ്ക്കായി ശ്രമിക്കുന്നുണ്ടെന്നും പ്രത്യേക ഡോക്ടറെ കൂടി ലഭ്യമായാൽ വൃക്കരോഗ ഒ.പി വിഭാഗവും കിടത്തി ചികിത്സയും കൂടി ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.
നിർധന രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ സൗജന്യമായി ലഭ്യമാക്കാൻ സ്പോൺസർമാരെ കണ്ടെത്തുവാൻ ശ്രമിക്കുന്നതായി ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.
മുൻ ധനകാര്യ മന്ത്രി കെ.എം.മാണി നൽകിയ എട്ട് കോടിയിൽപരം രൂപ ചിലവഴിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിലെ ഒന്നാം നില മുഴുവൻ സയാലിസിസ്, നെഫ്രോളജി വിഭാഗത്തിനായി മാത്രം മാറ്റി വച്ചിരിക്കുകയാണ്. ഇവിടേക്ക് റാമ്പ് സൗകര്യത്തിനു പുറമേ രണ്ട് ബെഡ് കം പാസഞ്ചർ ലിഫ്ട് കൾ കൂടി ഉടൻ പ്രവർത്തന സജ്ജമാകും. .കൂടാതെ രോഗികളോടൊപ്പം വരുന്ന സഹായികൾക്ക് വിശ്രമകേന്ദ്രവും ഒരുക്കിക്കഴിഞ്ഞു.. ഡയാലിസിസ് റൂമിൽ ടി.വി യും മ്യൂസിക് സിസ്റ്റവും ഏർപ്പെടുത്തി.
ഇതുവരെ നഗരസഭാ പ്രദേശത്തെ രോഗികൾക്ക് നൽകിയിരുന്ന ചികിത്സാ സൗകര്യം ഏതൊരാൾക്കും ഇന്നു മുതൽ ലഭ്യമാണെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. ചികിത്സാ സമയക്രമം നിശ്ചയിക്കുന്നതിനായി രോഗികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.