തമിഴ്നാട്ടിലും ഒമിക്രോണ്‍ ബിഎ വകഭേദം സ്ഥിരീകരിച്ചു; രാജ്യത്തെ രണ്ടാമത്തെ കേസ്

ചെന്നൈ: തമിഴ്നാട്ടില്‍ ചെങ്കല്‍പേട്ട സ്വദേശിക്ക് ഒമിക്രോണ്‍ ബിഎ വകഭേദം സ്ഥിരീകരിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ബിഎ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ഹൈദരാബാദില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മേയ് 9 ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയതാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഒമിക്രോണിന്റെ ആദ്യവകഭേദങ്ങളാണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത്. ബി.എ.4 , ബി.എ5 വകഭേദങ്ങളാണ് നിലവില്‍ ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളില്‍ വ്യാപിക്കുന്നത്.