മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു

മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ് ഈ വെബ്സൈറ്റുകൾ. എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്സൈറ്റ്‌ നിലവിൽ വന്ന ആദ്യ സംസ്ഥാനമാണ് കേരളം.

സർക്കാർ സംവിധാനങ്ങളും മന്ത്രി തലത്തിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങളും പൊതുജനങ്ങളിലേക്ക് കൃത്യമായും സമഗ്രമായും വേഗത്തിലെത്തിക്കുവാൻ തക്ക രീതിയിലാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മന്ത്രി തലത്തിൽ നടക്കുന്ന പ്രവർത്തങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സർക്കാർ സേവനങ്ങൾ, പദ്ധതികൾ, ആനുകൂല്യങ്ങൾ, അവകാശങ്ങൾ തുടങ്ങിയവയുടെ അറിയിപ്പുകളും ലഭ്യമാകും.

ഓരോ മന്ത്രിമാരും കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രവർത്തനങ്ങൾ, മന്ത്രിമാരുടെ പ്രൊഫൈൽ, ഓഫീസ്‌ വിവരം, ഫോട്ടോ ഗാലറി, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, പ്രസംഗങ്ങൾ, ലേഖനങ്ങൾ, വകുപ്പുകളുടെ സൈറ്റുകളിൽ പ്രവേശിക്കാനുള്ള സംവിധാനം എന്നിവ ഉൾപ്പടെ വിപുലമായ സംവിധാനങ്ങളോടെയാണ് വെബ്‌സൈറ്റുകൾ ഒരുക്കിയിട്ടുള്ളത്.

അതത് ദിവസമുള്ള വാർത്തകൾ, പുത്തൻ പദ്ധതികൾ, മന്ത്രി തലത്തിൽ നൽകുന്ന അറിയിപ്പുകൾ തുടങ്ങിയവ നൽകാൻ പ്രത്യേക സംവിധാനമുണ്ട്. ഇക്കാര്യങ്ങൾ സമയാസമയം പുതുക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Leave a Reply