ബിജെപിയിലേക്ക് ഇല്ല, പ്രചാരണങ്ങൾക്ക് പിന്നിൽ തോറ്റ എംഎൽഎ: മാണി സി. കാപ്പൻ
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ താൻ ദ്രൗപതി മുർമുവിന് വോട്ട് ചെയ്തിട്ടില്ലെന്ന് മാണി സി. കാപ്പൻ. താൻ ബിജെപിയിലേക്ക് ഇല്ലെന്നും വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ പാലായിലെ “തോറ്റ എംഎൽഎ’യാണെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ സ്ഥാനാർഥിയായിരുന്ന ദ്രൗപതി മുർമുവിന് വോട്ട് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ അത് തുറന്ന് പറയാനുള്ള ധൈര്യം തനിക്കുണ്ട്. പാലയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ‘തോറ്റ എംഎൽഎ’ ആണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ.
താൻ ബിജെപിയിൽ ചേരുകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന വാര്‍ത്ത ചിലര്‍ ആഘോഷിക്കുകയാണെന്നും കാപ്പൻ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ താൻ സംസാരിച്ചിട്ടില്ല. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് തനിക്ക് സുധാകരനുമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ വികസനം ആട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. തോറ്റ എംഎൽഎ ആ സ്ഥാനത്ത് ഇരുന്നാൽ പോരെ. ജോസ് കെ. മാണിയെ തിരികെ കൊണ്ടു വരണോ എന്ന കാര്യത്തിൽ തന്റെ അഭിപ്രായം യുഡിഎഫ് യോഗത്തിൽ വ്യക്തമാക്കുമെന്നും കാപ്പൻ കൂട്ടിച്ചേർത്തു.