മഴ കനക്കുന്നു. മൂന്നിലവിൽ ഉരുൾപൊട്ടൽ.മീനച്ചിലാർ നിറയുന്നു

കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. മൂന്നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായി ഇതേ തുടർന്ന് മൂന്നിലവ് ടൗണിൽ റോഡിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ഗതാഗതവും തടസ്സപെട്ടിരിക്കുകയാണ്.

ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ രാത്രി വൈകിയും തുടരുകയാണ്. തീക്കോയി, അടുക്കം, തലനാട്, പൂഞ്ഞാർ എന്നിവിടങ്ങളിലെ മലനിരകളിൽ ശക്തമായ മഴ തുടരുന്നതിനാൽ മീനച്ചിലാറിന്റെ ഇരു കരകളും നിറഞ്ഞൊഴുകുകയാണ്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കിഴക്കൻ മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണം എന്നും നിർദ്ദേശം ഉണ്ട്.

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജില്ലാ കളക്ടർ, പാലാ ആർ ഡി ഒ, മീനച്ചിൽ തഹസീൽദാർ എന്നിവർ തയ്യാറാണ്. മിനി സിവിൽ സ്‌റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ 04822 212325 എന്ന കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.