ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം

ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം.
ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങൾ നീക്കിവച്ചിരിക്കുന്നതിനാൽ അന്നേ ദിവസം പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ഡാമിനു മുകളിൽകൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാർ സൗകര്യവും ലഭ്യമാണ്.
ചെറുതോണി-തൊടുപുഴ പാതയിൽ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ഹൈഡൽ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാർ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോണ്‍, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നിരോധിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഇടുക്കി റിസർവയറിൽ ബോട്ടിംഗ് സൗകര്യവും സന്ദർശകർക്ക് ലഭ്യമായി വരുന്നുണ്ട്. 20 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈൽഡ് ലൈഫ് ഒരുക്കിയിട്ടുള്ളത്. ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനാകും.