ഇല്ലിക്കൽ കല്ല്

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്, ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ ‘കൂടക്കല്ല്’ എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ ‘കൂനൻ കല്ല്’ എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്.
ഇല്ലിക്കൽ കല്ലിനു മുകളിൽ നിന്നും അറബിക്കടലും ഉദയം/അസ്തമയവും കാണാൻ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽകല്ലിലെത്താം.യാത്ര സൗകര്യങ്ങൾ കുറവായിരുന്നതിനാൽ വിനോദ സഞ്ചാരികൾ അവഗണിച്ചിരുന്ന ഈ മലമുകളിലേക്ക് ഇന്ന് കാറെത്തുന്ന വഴിയായി.
ഇതിനു മുന്പ് ഇല്ലിക്കൽ കല്ലും ഇല്ലിക്കൽ താഴ് വരകളും കീഴടക്കിയവർ വിരലിൽ എണ്ണാവുന്നവരായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലിക്കല് കീഴടക്കി കഴിഞ്ഞാൽ അവർ എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു തുല്യമായി മറ്റുള്ളവർ കണ്ടിരുന്നു.. മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ,ഗാർഡുകളോ ഇവിടില്ല. കോട്ടയത്ത് നിന്നും ഏകദേശം 50 കിലോമീറ്റർ ദൂരമാണ് ഇല്ലിക്കൽകല്ലിലേക്ക്. ഒന്നു പോയാൽ ഇനിയും പോയി കാണണം എന്നു തോന്നുന്ന അത്രയും മനോഹാരിത നിറഞ്ഞ മലകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശം. ഒരു സൈഡിൽ ഇലവീഴാപൂഞ്ചിറയും മറ്റൊരു സൈഡിൽ വാഗമൺ മലനിരകളും.
ഇടി മിന്നൽ ഉള്ളപ്പോഴും നല്ല മഴ ഉള്ള സമയങ്ങളിലും ഇല്ലിക്കൽ കല്ലിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. വൈകുന്നേര സമയങ്ങളൊ അതിരാവിലെയോ ആണ് ഇവിടം സന്ദർശിക്കാൻ ഉചിതം. സർപ്പക്കലിനും കൂടക്കല്ലിനും ഇടയിൽ 20 അടി താഴ്ച്ചയിൽ ആർച്ച് പോലെ ഒരു വഴിയുണ്ട്.ഇതിനകത്തുകൂടി കയറി അപ്പുറത്തെ സൈഡിലേക്ക് പോകാൻ കഴിയും. വളരെ ഇടുങ്ങിയ ഈ വഴി അറിയപ്പെടുന്നത് നരകപാലം എന്നാണ്. ഇപ്പോൾ ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല. പണ്ട് സാഹസികരുടെ ഇഷ്ട വിനോദമായിരുന്നു നരകപാലം കയറുക എന്നത്. ഒരിക്കൽ അതിലേക്ക് പോയ ഒന്നു രണ്ടു പേർ കൊക്കയിലേക്ക് വീഴുകയുണ്ടായി. അതിനുശേഷം ഇവിടം റെസ്ട്രിക്ടഡ് ഏരിയ ആയി.
ഇല്ലിക്കൽ മലകയറ്റം പണ്ട് കാലങ്ങളിൽ സാഹസികരുടെ പ്രധാന വിനോദമായിരുന്നു. എന്നാൽ ഇന്ന് സാധാരണ സഞ്ചാരികൾക്കും വളരെ ഈസിയായി ഇല്ലിക്കൽ മല കയറാം. ഇല്ലിക്കൽ കല്ലിനെ അടുത്തറിയാം. സ്റ്റീൽ കൈവരികളിൽ പിടിച്ച് പിടിച്ച് ആർക്കും ഇല്ലിക്കൽ മലയിലേക്ക് കയറാം. ഇളം തണുപ്പും ചെറിയ കാറ്റും ചുറ്റും നോക്കെത്താ ദൂരം പരന്നു കിടക്കുന്ന മലനിരകളും. ഈവനിങ്ങ് റ്റൈമിൽ ചെല്ലുന്നവർക്ക് ഇല്ലിക്കല്മലയിലെ സൂര്യാസ്തമയം കാണാം. അതിനായി പ്രത്യേക ബെഞ്ചുകളും ഒരുക്കിയിട്ടുണ്ട്. മലകയറ്റത്തിനിടയിൽ ഇത്തിരി ക്ഷീണമകറ്റണമെന്നു തോന്നിയാൽ അതിൽ ഇരിക്കുകയും ആവാം.മീനിച്ചിലാറിന്റെ തുടക്കം ഈ മലനിരകളിലാണ്. അതുപോലെ കഥകളിൽ പ്രശസ്തമായ നീലക്കൊടുവേലി ഇല്ലിക്കൽ കല്ലിന്റെ ഏറ്റവും മുകളിൽ വളരുന്നുണ്ട് എന്നും വിശ്വാസമുണ്ട്.തീക്കോയ് ആണ് ഇല്ലിക്കൽ മലയുടെ തൊട്ടടുത്തുള്ള ടൗൺ .
വൈകുന്നേരം 5.30 വരെയാണ് ഇല്ലിക്കൽ മലയിലേക്ക് പോകാനുള്ള ജീപ് ടിക്കറ്റ് കിട്ടുന്നത്. 6 മണി വരെ ഇല്ലിക്കൽ കല്ലിൽ നില്ക്കാം. നല്ല മഴയുള്ള ദിവസങ്ങളിലും ഇടിമിന്നൽ ഉള്ളപ്പോഴും യാത്ര അവോയ്ഡ് ചെയ്യുക


