ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനത്തിൽ മന്ത്രിസഭാ യോഗത്തിൽ വിമർശനം

ആലപ്പുഴ ജില്ലാ കളക്‌ടർ സ്ഥാനത്ത് നിന്നും നീക്കിയ ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ളൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ച നടപടിയിൽ മന്ത്രിസഭയിൽ അതൃപ്‌തി അറിയിച്ച് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. എന്നാൽ മന്ത്രി അതൃപ്‌തി അറിയിച്ചതിന് പിന്നാലെ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ശ്രീറാമിന്റെ നിയമനം താൻ അറിഞ്ഞില്ലെന്ന വാർത്ത ചോർന്നതിന്റെ ഉത്തരവാദിത്വം മന്ത്രിയ്‌ക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
നിയമനങ്ങൾ വകുപ്പ് മന്ത്രിയോട് ആലോചിക്കുന്നില്ലെന്ന് മന്ത്രി ജി. ആർ അനിൽ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചു. എന്നാൽ ശ്രീറാമിന്റെ നിയമനത്തെ ന്യായീകരിച്ച മുഖ്യമന്ത്രി ആലോചിച്ച് തീരുമാനമെടുക്കുന്നയാളാണ് ചീഫ് സെക്രട്ടറിയെന്നും പറഞ്ഞു. മുൻപും സിപിഐ മന്ത്രിമാരുടെ വകുപ്പിൽ ഇത്തരത്തിൽ ചോദിക്കാതെ നിയമനം നടന്നതായും മന്ത്രി ജി.ആർ അനിൽ വിമർശിച്ചിരുന്നു.അതേസമയം ഭക്ഷ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകിയ മുഖ്യമന്ത്രി തനിക്ക് മന്ത്രി നൽകിയ കത്തിലെ വിവരങ്ങൾ കത്ത് പൊട്ടിക്കും മുൻപ് മാദ്ധ്യമങ്ങളിൽ വന്നതിന് ഉത്തരവാദി മന്ത്രിയാണെന്നും സാധാരണനിലയിൽ ആലോചിച്ചാണ് ചീഫ് സെക്രട്ടറി തീരുമാനമെടുത്തതെന്നും അറിയിച്ചു. മാത്രമല്ല ആദ്യമായി മന്ത്രിയായതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഭക്ഷ്യമന്ത്രിയ്‌ക്ക് മനസിലാകാത്തതെന്നും പറഞ്ഞു. തുടർന്ന് വിഷയത്തിൽ കൂടുതൽ ചർച്ചയുണ്ടായില്ല.