പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പുരോഗമിക്കവെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പുരോഗമിക്കവെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. കെഎസ്ആര്‍ടിസി ബസുകള്‍, ടാങ്കര്‍ ലോറി, ട്രെയിലര്‍ ലോറി എന്നിവക്കെതിരെയാണ് കല്ലേറുണ്ടായത്. വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. കല്ലെറിഞ്ഞ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. രണ്ട് ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇടവഴില്‍ നിന്ന് എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.
കോട്ടയത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് തടയുന്നുണ്ട്. ഈരാറ്റുപേട്ടയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും ചെയ്യുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും സമരാനുകൂലികള്‍ ബസിന് നേര്‍ക്ക് കല്ലെറിഞ്ഞു. തലസ്ഥാനത്ത് കാട്ടാകടയിലും ആലുവ ചാലക്കല്‍ അട്ടക്കുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍.കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയാണെന്ന്് പോപ്പുലര്‍ ഫ്രണ്ട് വിമര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹര്‍ത്താല്‍ കണക്കിലെടുത്ത് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കേരള, എംജി സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. കേരള നഴ്സിങ് കൗണ്‍സില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി. അതേസമയം പിഎസ്സി ഇന്ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.