ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു
ന്യൂഡൽഹി: 68-ാമത് ദേശീയ ചലചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഇന്നലെ വൈകിട്ട് ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നു മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങി.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുത്ത അന്തരിച്ച സംവിധായകൻ സച്ചിക്കു (കെ.ആർ സച്ചിദാനന്ദൻ) വേണ്ടി പുരസ്കാരം ഭാര്യ സിജി സച്ചി ഏറ്റുവാങ്ങി. സുരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിയായ അപർണ ബാലമുരളി, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സഹനടനായ ബിജു മേനോൻ എന്നിവരും അവാർഡ് ഏറ്റുവാങ്ങി.
നോണ്‍ ഫീച്ചർ വിഭാഗത്തിൽ മികച്ച സിനിമ വിവരണത്തിനുള്ള പുരസ്കാരം നേടിയ ശോഭ തരൂർ ശ്രീനിവാസൻ, ജൂണ്‍ എന്ന മറാത്തി ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരമാർശം നേടിയ മലയാളിയായ സിദ്ധാർഥ് മേനോൻ എന്നിവരും പുരസ്കരം ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരത്തിന് അർഹരായ തമിഴ് നടൻ സൂര്യ (സുരരൈ പോട്ര്) ബോളിവുഡ് നടൻ അജയ് ദേവ്ഗണ് (താനാജി: ദി അണ്‍സംഗ് ഹീറോ) എന്നിവർക്കും പുരസ്കാരം സമ്മാനിച്ചു.