കേരളാ കോൺഗ്രസ്സ് (എം) – സി പി ഐ പോര് രൂക്ഷമാകുന്നു .എൽ ഡി എഫിന് പുതിയ തലവേദന.

കോട്ടയം: നീണ്ട ഇടവേളക്ക് ശേഷം സിപിഐ- കേരളാ കോൺഗ്രസ്സ് (എം) പോര് രൂക്ഷമായതോടെ എൽ ഡി എഫിന് പുതിയ തലവേദനയായി. മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സി പി എമ്മിന് ആരെ തള്ളണം ആരെ കൊള്ളണം എന്ന കാര്യത്തിൽ ആശയകുഴപ്പം..മാണി ഗ്രൂപ്പിൻ്റെ എൽ ഡി എഫ് മുന്നണി പ്രവേശന സമയത്ത് രണ്ടാം കക്ഷിയെ ചൊല്ലിയുള്ള തർക്കം ഒരു വിധത്തിലാണ് സി പി എം ഇടപെട്ട് പരിഹരിച്ചത്.എന്നാൽ കേരളാ കോൺഗ്രസ്സ് (എം) ൻ്റെ സംഘടനാ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജിനെ പ്രസ്ഥാവനയാണ് സി പി ഐ നേതൃത്വത്തെ ചൊടിപ്പിച്ചത്.കോട്ടയത്ത് നടന്ന സമ്മേളനത്തിൽ കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പാണ് എൽഡിഎഫിലെ രണ്ടാം കക്ഷിയെന്ന സ്റ്റീഫൻ ജോർജ്ജിൻ്റെ പ്രസ്ഥാവനയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.കേരളാ കോൺഗ്രസ്സിൻ്റെ പ്രസ്ഥാവനയ്ക്ക്മറുപടിയുമായി സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു രംഗത്തെത്തിയതോടെ രണ്ടാം കക്ഷിയെ ചൊല്ലി എൽ ഡി എഫിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്.

സി പി ഐ ക്ക് ഒന്നേമുക്കാൽ ലക്ഷം മെമ്പർമാർ മാത്രമെ ഉള്ളൂവെന്നും കേരളാ കോൺഗ്രസ്സിന് മൂന്നു ലക്ഷം മെമ്പർമാർ ഉണ്ടെന്നും കേരളാ കോൺഗ്രസ്സിൻ്റെ ശക്തി അറിയണമെങ്കിൽ സി പി ഐ നേതാവും പീരുമേട് എം എൽ എ യുമായ വാഴൂർ സോമനോട് ചോദിച്ചാൽ മതിയെന്നും കുമളി പീരുമേട് ഏലപ്പാറ എന്നീ മണ്ഡലങ്ങളിലെ കേരളാ കോൺഗ്രസ്സിൻ്റെ വോട്ട് തേടിയാണ് വാഴൂർ സോമൻ എം എൽ എ ആയതെന്നാണ് സ്റ്റീഫൻ ജോർജ്ജ് പ്രസ്ഥാവിച്ചിരുന്നത്.

എന്നാൽ സ്റ്റീഫൻ ജോർജ്ജിൻ്റെ പ്രസ്ഥാവനക്ക് എതിരെ ഉരുളക്ക് ഉപ്പേരി പോലെ മറുപടിയുമായി സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു രംഗത്തെത്തി.

17 എംഎൽഎമാരുള്ള പാർട്ടിയാണോ 5 എംഎൽഎമാരുള്ള പാർട്ടിയാണോ വലുതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നും സി പി ഐ വിട്ട് വീഴ്ച ചെയ്തിട്ടാണ് മാണി ഗ്രൂപ്പിന് എൽഡിഎഫിൽ ഘടകകക്ഷിയാകാൻ കഴിഞ്ഞത് എന്നും സി പി ഐ ജില്ലാ സെക്രട്ടറി തിരിച്ചടിച്ചു.കാലങ്ങളായി സി പി ഐ മത്സരിച്ചു കൊണ്ടിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുനൽകുകയും സി പി ഐ ക്ക് ഏറെ വേരോട്ടമുള്ള പൂഞ്ഞാർ ,ചങ്ങനാശ്ശേരി.കാഞ്ഞിരപ്പള്ളി സീറ്റുകളിൽ മാണി ഗ്രൂപ്പ് ജയിച്ചത് സി പി ഐ യുടെ വോട്ട് വാങ്ങിയാണെന്ന കാര്യം മറക്കണ്ട എന്നും സി പി ഐ ജില്ലാ സെക്രട്ടറി തിരിച്ചടിച്ചു.അതോടൊപ്പം സി പി ഐ യുടെ അംഗങ്ങൾ താഴെ തട്ടു മുതൽ സജീവമായിട്ടുള്ളവരാണെന്നും വെള്ള പേപ്പറിൽ മുട്ടെ വച്ച് എഴുതി ഉണ്ടാക്കിയവർ അല്ലെന്നും മാണി ഗ്രൂപ്പിൻ്റെ മൂന്നു ലക്ഷം മെമ്പർഷിപ്പിനെ സി പി ഐ പരിഹസിച്ചു.സി പി ഐ ക്ക് ശക്തമായ ട്രേഡ് യൂണിയനുകളും പോഷക സംഘടനകളുമുണ്ട്. മാണി ഗ്രൂപ്പിന് നാമമാത്രമായ ട്രേഡ് യൂണിയൻ ഉള്ളത് ഈ സാഹചര്യത്തിൽ എഴുത്തും വായനയും അറിയാവുന്നവർക്ക് എൽ ഡി എഫിലെ രണ്ടാം കക്ഷിയാരെന്ന് പകൽ പോലെ വ്യക്തമാണെന്നാണ് സി പി ഐ യുടെ ഭാഷ്യം.

ഇരു കക്ഷികളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പ്രശ്ന പരിഹാരത്തിനായി സി പി എം നേതൃത്വം നെട്ടോട്ടത്തിലായി.സി പി എമ്മിൻ്റ സകല വിവാദ നടപടികൾക്കും പാർട്ടി അണികളുടെ വികാരം മറികടന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പിന്തുണക്കുന്നത്.ഈ സാഹചര്യത്തിൽ സി പി ഐ യോടാണ് സി പി എമ്മിന് കൂടുതൽ മമത. സർക്കാരിൻ്റെ പല നടപടികളിലും വിയോജിപ്പുള്ള മാണി ഗ്രൂപ്പിന് രണ്ടാം കക്ഷിയെ ചൊല്ലിയുള്ള തർക്കവും പുതിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.