വിഴിഞ്ഞത്ത് ബിഷപ്പുമാർക്കെതിരേ കേസ്
മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരപ്പന്തൽ പൊളിക്കാനുള്ള ശ്രമം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്‍റെ പേരിൽ സ്ഥലത്ത് ഇല്ലാതിരുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് അടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്തു. കുറ്റകരമായ ഗൂഢാലോചനയും ആസൂത്രിത അക്രമമുണ്ടാക്കാനുള്ള ശ്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്, സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിൽ, സംഘർഷ സ്ഥലത്തുപോലും ഇല്ലാതിരുന്ന ആർച്ച്ബിഷപ് അടക്കമുള്ളവർക്കെതിരേ കേസെടുത്തത്.
ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയും സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിനെ രണ്ടാം പ്രതിയും വികാരി ജനറാൾ മോണ്‍. യൂജിൻ പെരേരയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ്. പത്തിലേറെ വൈദികർ അടക്കം 96 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കണ്ടാലറിയാവുന്ന ആയിരത്തോളം പേരും പ്രതിപ്പട്ടികയിലുണ്ട്.
ആർച്ച്ബിഷപ്പിനെ പ്രതിയാക്കിയ സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.