മലയാളി നഴ്സിന്റെയും കുട്ടികളുടെയും കൊലപാതകം; ഭർത്താവ് സാജു റിമാൻഡിൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
ലണ്ടൻ • കെറ്ററിങ്ങിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ കോടതി റിമാൻഡ് ചെയ്തു. തുടർനടപടികളുടെ ഭാഗമായി വീണ്ടും ബുധനാഴ്ച നോർതാംപ്റ്റൻഷർ കോടതിയിൽ ഹാജരാക്കും. മിഡ്‌ലാൻസിലെ വെല്ലിങ്ബറോ മജിസ്രട്രേട്ട് കോടതിയിലാണ് ഇന്നലെ രാവിലെ കേസന്വേഷിക്കുന്ന നോർതാംപ്റ്റൻഷർ പൊലീസ് സാജുവിനെ ഹാജരാക്കിയത്. സാജുവിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ കോടതിക്കു പുറത്തേക്കു കൊണ്ടുവന്ന സാജു നിർവികാരനായി പുറത്തു കാത്തുനിന്നവരെ നോക്കിയാണ് വാഹനത്തിലേക്ക് കയറിയത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെറ്ററിങ്ങിലെ വാടകവീട്ടിൽ വച്ച് സാജു ഭാര്യ നഴ്സായ അഞ്ജു അശോകിനെയും മക്കളായ ജീവ (6) ജാൻവി (4) എന്നിവരെയും കൊലപ്പെടുത്തിയത്. മൂവരെയു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏൽപിച്ചിരുന്നു.