കൊല്ലപ്പള്ളി- മേലുകാവ് റോഡ് റീ ടാറിംഗിൽ വ്യാപക ക്രമക്കേട്: കേരളാ കോൺഗ്രസ്
വഴിയാത്രക്കാർക്കു പോലും യാത്ര ചെയ്യാനാവാത്ത വിധത്തിൽ തകർന്ന് കിടന്ന റോഡിന് റീ ടാറിംഗിലും ശാപമോക്ഷമില്ല. കണ്ണിൽ പൊടിയിടാൻ പഞ്ചറൊട്ടിക്കുന്ന മാതൃകയിൽ നേർത്ത കനത്തിൽ ചെയ്ത ടാറിംഗ് പലയിടത്തും ഇളകിത്തുടങ്ങി. വെള്ളമൊഴുകാനുള്ള ചാല് തയാറാക്കുകയോ, നിലവിലുള്ള കലുങ്കുകൾ പോലും തുറന്നു വിടുകയോ ഉണ്ടായിട്ടില്ല. പലയിടത്തും റോഡിന് നിലവിലുണ്ടായിരുന്ന വീതി പോലും ടാർ ചെയ്ത് എടുക്കുകയോ, പഞ്ചറൊട്ടിച്ചപ്പോൾ ഉയർന്നു വന്ന എഡ്ജുകൾ വശങ്ങളുമായി ലെവൽ ആക്കാത്തതിനാൽ ഭാര വാഹനങ്ങൾ സൈഡ് ചേർത്ത് ഓടിയാൽ ടാറിംഗ് അടർന്നു പോകുന്ന അവസ്ഥയാണ്. പല ഭാഗത്തെയും പൊളിഞ്ഞ ടാറിംഗ് ഇപ്പോഴും അടച്ചിട്ടില്ല, ഇവിടങ്ങളിൽ കൂടുതൽ വലിയ കുഴികൾ രൂപപ്പെടാനും ഇത് കാരണമാകും. റോഡപകടങ്ങൾ പതിവായ ഈ സ്ഥലങ്ങളിൽ പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥയെക്കതിരേ സമര പരിപാടികളിലേക്ക് കടക്കുമെന്ന് കേരളാ കോൺഗ്രസ് കടനാട് മണ്ഡലം കമ്മിറ്റി അറിയിച്ചു.