തൊടുപുഴയിലെ ബൈപ്പാസ്‌ നിര്‍മാണം പുരോഗമിക്കുന്നു

തൊടുപുഴ: തൊടുപുഴ നഗരത്തിലെ പുതിയ ബൈപ്പാസിന്റെ നിര്‍മാണം  പുരോഗമിക്കുന്നു. കോലാനി-വെങ്ങല്ലൂര്‍ ബൈപാസിലെ വെങ്ങല്ലൂര്‍ പാലത്തിന്റെ സമീപത്തുനിന്ന്‌ ആരംഭിച്ച്‌ തൊടുപുഴയാറിന്റെ തീരത്തുകൂടി തൊടുപുഴ-പാലാ റോഡില്‍ ധന്വന്തരി ജംഗ്‌ഷനില്‍ എത്തിച്ചേരുന്നതാണ്‌ തൊടുപുഴയിലെ എട്ടാമത്തെ ബൈപ്പാസ്‌.1.7 കിലോമീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയിലുമാണ്‌ റോഡ്‌ നിര്‍മിക്കുന്നത്‌. വാഹന ഗതാഗതത്തിന്‌ പുറമേ, വ്യായാമത്തിനും വിനോദത്തിനും കൂടി ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ ബൈപ്പാസ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ഈ ഉദ്ദേശത്തോടു കൂടി പുഴയോരത്ത്‌ 1.7 കിലോമീറ്റര്‍ നീളത്തില്‍, 2 മീറ്റര്‍ വീതിയിലുള്ള ജോഗിങ്‌ ട്രാക്ക്‌ കൂടി നിര്‍മിക്കും. ഈ റോഡിന്റെ മുഴുവന്‍ ഭാഗത്തും പുഴയുമായി തിരിച്ച്‌ (കുളി കടവുകള്‍ ഒഴിച്ച്‌) ഹാന്‍ഡ്‌ റെയിലുകള്‍ സ്‌ഥാപിക്കും. പുഴയോരത്തും മറുവശത്തും പൂമരങ്ങള്‍ വച്ചുപിടിപ്പിച്ചു മനോഹരമാക്കും. അലങ്കാര സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ സ്‌ഥാപിക്കും. ജനങ്ങള്‍ക്ക്‌ പ്രഭാതവ്യായാമത്തിനും വൈകുന്നേരങ്ങളില്‍ കുടുംബമായി എത്തി സമയം ചിലവഴിക്കാനും പുഴയുടെ പ്രകൃതിരമണീയത ആസ്വദിക്കാനും കൂടി ഈ ബൈപാസ്‌ ഉപയോഗപ്പെടുത്തണമെന്ന കാഴ്‌ചപ്പാടിലാണ്‌ റോഡ്‌ വിഭാവനം ചെയ്‌തത്‌. റോഡിന്‌ ആവശ്യമായ സ്‌ഥലം ഏറ്റെടുത്തതിന്‌ നഷ്‌ടപരിഹാരമായി 10.50 കോടി രൂപയാണ്‌ നല്‍കിയത്‌. 6.30 കോടി രൂപയാണ്‌ പുഴയോരം ബൈപ്പാസ്‌ റോഡിന്റെ നിര്‍മാണ ചെലവ്‌. കലുങ്കുകളുടെ നിര്‍മാണവും റോഡ്‌ ഫോര്‍മേഷനും പൂര്‍ത്തിയാക്കി ടാറിങ്‌ ജോലികളാണ്‌ ഇപ്പൊള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നത്‌.