പത്തനംതിട്ട ഇലന്തൂര്‍ നരബലി: കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

പത്തനംതിട്ട: ഇലന്തൂരില്‍ ധനാഭിവൃദ്ധിക്കായി നരബലി നടത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു. ലോട്ടറി വില്‍പ്പനക്കാരായിരുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്ഥലത്തെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശേഷം ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു

സംഭവത്തില്‍ ഏജന്റ് റാഷിദ് (മുഹമ്മദ് ഷാഫി), ദമ്പതിമാരായ ഭഗവല്‍ സിങ്, ലൈല എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാന്‍ റോസ്‌ലി, പത്മം എന്ന സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. ജൂണ്‍ ആറിനാണ് റോസ്‌ലിയെ കാണാതാകുന്നത്. ആഗസ്റ്റ് 17ന് പൊലീസില്‍ മകള്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 26ന് പത്മത്തെ കാണാതായി. പത്മവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഏജന്റ് റഷീദിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തതിലൂടെ നരബലിയുടെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു.