ടൂറിസ്റ്റ് ബസുകൾക്ക് ഇന്ന് മുതല്‍ വെള്ള നിറം നിർബന്ധം

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ബസുകളിലെ വേഗപ്പൂട്ടിൽ കൃത്രിമത്വം നടത്തുന്നവർക്ക് എതിരേ കേസ് എടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റിൽ മാറ്റം വരുത്തി അതിവേഗമെടുക്കാൻ സഹായിക്കുന്ന സാങ്കേതിക വിദഗ്ധർക്കും സ്ഥാപനങ്ങൾക്കും എതിരേ ക്രിമിനൽ കേസെടുക്കുമെന്ന് മന്ത്രി ആന്റണി രാജു പത്ര സമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ വാഹന ഉടമക്ക് പിഴ ചുമത്തുക മാത്രമാണ് ചെയ്തിരുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ചൊവ്വാഴ്ച മുതൽ വെള്ള നിറം നിർബന്ധമാക്കി. സാവകാശം അനുവദിക്കില്ല. ലംഘിക്കുന്ന ബസുകൾ പിടിച്ചെടുക്കും.

ക്രമക്കേടുകൾ തടയുന്നതിന് പരിശോധനയും നിരീക്ഷണവും ഉറപ്പാക്കും. ടൂറിസ്റ്റ് ബസുകളുടെ ചുമതല മോട്ടോർ വാഹന വകുപ്പിന്റെ 86 ഓഫീസുകളിലെയും ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടാകും.

ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാർ ആഴ്ചയിൽ 15 ബസുകൾ പരിശോധിക്കും. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ സൂപ്പർ ചെക്കിങ്ങുമുണ്ടാകും.

ഡ്രൈവർമാരുടെ ലഹരി ഉപയോഗം തടയാൻ എക്‌സൈസുമായി ചേർന്ന് പരിശോധന നടത്തും. പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനം പൂർത്തിയാക്കിയാൽ മാത്രമേ പുനഃസ്ഥാപിക്കുകയുള്ളൂ.

ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. തകരാർ പരിഹരിച്ച് വാഹനം ഹാജരാക്കിയാൽ മാത്രമേ ഓടാൻ അനുമതി ലഭിക്കുകയുള്ളൂ. ഓൾ ഇന്ത്യാ പെർമിറ്റിൽ സംസ്ഥാനത്തേക്ക്‌ കടക്കുന്ന ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്നും നവംബർ ഒന്ന് മുതൽ പ്രത്യേകം നികുതി ഈടാക്കും.

രൂപ മാറ്റത്തിന് പിഴ 5000 രൂപയിൽ നിന്ന്‌ 10,000 ആക്കി.

നിയമ വിരുദ്ധമായി ലൈറ്റ്, സൗണ്ട് സംവിധാനങ്ങൾ ഒരുക്കുന്ന സ്ഥാപനങ്ങൾക്ക് എതിരേ നടപടിയുണ്ടാകും.

വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസിൽ (ജി.പി.എസ്.) നിന്നുള്ള അതിവേഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് കൂടി ലഭിക്കും.

അതിവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും തടയാൻ മൊബൈൽ ആപ് ഒരുക്കും. പൊതു ജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാനാകും.