സിനിമയിൽ അഭിനയിക്കാൻ കൂടുതൽ പണം ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ.

സിനിമയിൽ അഭിനയിക്കാൻ കൂടുതൽ പണം ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ. നിർമ്മാതാക്കൾ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നതെന്നും അന്യായമായി ക്യാഷ് ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ ആയിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. ‘അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവർ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാൻ പറ്റുന്ന രീതിയിൽ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാൻ പോകുന്നത്. വലിയ തുകകൾ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളെയോ മറ്റന്നാളോ ഉണ്ടാകും. ഇതെല്ലാവർക്കും മുന്നറിയിപ്പാണ്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്. തിയേറ്ററിൽ കളക്ഷനില്ല. സിനിമ കാണാൻ ആളില്ല’. സുരേഷ് കുമാർ പറഞ്ഞു.
’15 ആൾക്കാർ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ. അത്രയും പേർക്ക് വേണ്ടി തിയേറ്റർ ഉടമകൾ കാത്തിരിക്കുകയാണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിർമാതാക്കൾ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസർ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം. ആരെ വച്ചായാലും സിനിമ ചെയ്യാം. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാകും. ആളുകൾ കാണും അഭിനന്ദിക്കും. ഇവിടെ ഇനി വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിൽ ഇരിക്കുന്ന രീതിയിലേക്കാകും പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്’, സുരേഷ് കുമാർ കൂട്ടിച്ചേർത്തു