‘യുവ’ ത്തിന്റെ ചൂടാറും മുമ്പ് സംസ്ഥാനത്തിന് അവഗണന:
എം.മോനിച്ചൻ
തൊടുപുഴ :
157 സർക്കാർ നഴ്സിംഗ് കോളേജുകൾ രാജ്യത്ത് അനുവദിച്ചിട്ടും ഒന്നു പോലുംകേരളത്തിനനുവദിക്കാതെ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും സംസ്ഥാനത്തെ അവഗണിച്ചതായി കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു. ഏറെ കൊട്ടിഘോഷിച്ച യുവം പരിപാടിയുടെ ചൂടാറും മുമ്പാണ് ഇത്തരം അവഗണനയെന്നത് ശ്രദ്ധേയമാണ്.
ലോകത്തെവിടെയും മലയാളി നഴ്സുമാരുടെ സേവന വൈദഗ്ദ്ധ്യം കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും ബോധ്യമുള്ളതാണ്. കേരളത്തിൽ നിന്നാണ് ഏറ്റവും അധികം നഴ്സിംഗ് വിദ്യാർത്ഥികൾ അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്നത്.
എറണാകുളത്ത് യുവം പരിപാടിക്ക് ശേഷം ഡൽഹിയിലെത്തിയ പ്രധാനമന്ത്രി അദ്യക്ഷതവഹിച്ച സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് 157 നഴ്സിംഗ് കോളേജുകൾ അനുവദിച്ചത്. വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടും സംസ്ഥാനത്തിന് ഒന്നുപോലും അനുവദിക്കാത്ത വിചിത്ര തീരുമാനം ഉണ്ടായത് ആതുര സേവന മേഖലയോടും സംസ്ഥാനത്തോടുമുള്ള രാഷ്ട്രീയ വെറുപ്പിന്റെ തനിനിറമാണ് കണ്ടതെന്നും എം.മോനിച്ചൻ പറഞ്ഞു.
ഡൽഹിയിൽ സംസ്ഥാന സർക്കാരിന് വേണ്ടികൃത്യമായ തുടർ നടപടികൾ നടത്താൻ ക്യാമ്പിനറ്റ് റാങ്കോടെ രാഷ്ട്രീയ നിയമനം നടത്തിയിട്ടും ഫലം കാണാതെ പോകുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും എം.മോനിച്ചൻ കുറ്റപ്പെടുത്തി.