Kerala

കടനാട് സഹകരണ ബാങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു


കടനാട്: തിരഞ്ഞെടുപ്പ് നടപടികൾ വിവാദമായതിനെ തുടർന്ന് കെ.2 കടനാട് സർവീസ് സഹകരണ ബാങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു. ബിന്നി മാത്യു ചോക്കാട്ട്, ജോയിസ് പുതിയാമഠം, സാബു ഓടയ്ക്കൽ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് ബാങ്കിന്റെ ഭരണച്ചുമതല ഏറ്റെടുത്തത്. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിനെ തുടർന്നാണ് കമ്മിറ്റി നിലവിൽ വന്നത്.

കഴിഞ്ഞ 18 വർഷത്തോളം എൽ.ഡി.എഫ്. ഭരണസമിതിയുടെ നിയന്ത്രണത്തിലായിരുന്ന ബാങ്ക്, കഴിഞ്ഞ രണ്ട് വർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്നു. ഇതിനിടെയാണ് പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചിരിക്കുന്നത്.

ബാങ്കിലേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ മാസം 11-ാം തീയതി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനിടെ ഉയർന്ന പരാതികളും നിയമപരമായ തർക്കങ്ങളും തുടർന്ന് സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് നടപടികൾ തടഞ്ഞിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാകുകയും ബാങ്കിന്റെ ഭരണനിർവഹണം വീണ്ടും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കീഴിലാകുകയും ചെയ്തു.

ഇതിന്റെ തുടർച്ചയായാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവുപ്രകാരം പുതിയ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വരുകയും ഇന്നലെ ഔദ്യോഗികമായി ചുമതലയേൽക്കുകയും ചെയ്തത്.

പുതിയ കമ്മിറ്റി ബാങ്കിന്റെ ദൈനംദിന ഭരണവും സാമ്പത്തിക പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതോടൊപ്പം, ഭാവിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തുടർനിർദേശങ്ങൾക്കനുസരിച്ചായിരിക്കും പുതിയ ഭരണസമിതി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുക.

ബിന്നി ചോക്കാട്ട് ബാങ്കിൻ്റെ മുൻ ഭരണസമിതിയംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാണ്, ജോയിസ് പുതിയാ മഠം കേരളാ കോൺഗ്രസ് ജില്ല സെക്രട്ടറിയും ആണ്.