പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛൻ അഷ്കറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.ആലപ്പുഴ സൗത്ത് പോലീസാണ് അഷ്കറിനെ അറസ്റ്റ് ചെയ്തത് .സംഭവത്തില്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു.
വിദ്വേഷ മുദ്രാവാക്യംവിളിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കമുള്ള കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തേക്കും. മുദ്രാവാക്യം വിളിയില്‍ സംഘാടകര്‍ക്കെതിരേ ശക്തമായനടപടി എടുക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് നേരത്തെ പിതാവ് രംഗത്തെത്തിയിരുന്നു. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എന്‍.ആര്.സി, സി.എ.എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം കുട്ടി വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.