ആവേശത്തിൽ മുന്നണികൾ,തൃക്കാക്കരയിൽ വ്യത്യസ്തമായ കലാശക്കൊട്ട്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനായി എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് ക്രെയിനിലും എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ മണ്ണുമാന്തി യന്ത്രത്തിലും യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ജീപ്പിലുമാണ് എത്തിയത് . രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞ തൃക്കാക്കരയിലെ പരസ്യപ്രചാരണം കലാശക്കൊട്ടോടെ അവസാനിച്ചു .ചുവന്ന കൊടിയും തോരണവും പോസ്റ്ററുകളും നിറച്ച ക്രെയിനാലാണ് ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫ് പങ്കെടുത്തത്. ഒപ്പം എം.സ്വരാജ് അടക്കമുള്ള നേതാക്കളുമുണ്ടായിരുന്നു. തൊട്ടുപിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ മുൻ കൈകളിൽ സ്ഥാനാർഥിയെ പൊക്കിയാണു ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണനെ സ്ഥലത്ത് എത്തിച്ചത്. നടൻ രമേഷ് പിഷാരടിയോടൊപ്പം ജീപ്പിലാണു യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്.
തൃക്കാക്കരയിലെ ജനവിധി രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുമ്പോൾ, പരമ്പരാഗത കോൺഗ്രസ് കോട്ടയായ തൃക്കാക്കര കൈവിടില്ലെന്നാണു യുഡിഎഫ് വിലയിരുത്തൽ. അവസാന ലാപ്പിൽ പി.സി.ജോർജിനെ ആയുധമാക്കിയാണു ബിജെപി പ്രചാരണം കൊഴുപ്പിച്ചത്.