തൃക്കാക്കരയിൽ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയർത്തുന്നു

കൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫിന്റെ ഉമ തോമസ് 6013 വോട്ടിനു മുന്നിൽ. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.
രാവിലെ ഏഴരയോടെ സ്ട്രോങ് റൂം തുറന്നു ബാലറ്റ് യൂണിറ്റുകൾ വോട്ടെണ്ണൽ മേശകളിലേക്കു മാറ്റി. എട്ടിനു യന്ത്രങ്ങളുടെ സീൽ പൊട്ടിച്ച് എണ്ണിത്തുടങ്ങി. വോട്ടെണ്ണലിന് 21 കൗണ്ടിങ് ടേബിളുകളുണ്ട്. 11 പൂർണ റൗണ്ടുകൾ; തുടർന്ന് അവസാന റൗണ്ടിൽ 8 യന്ത്രങ്ങൾ. ആദ്യ 5 റൗണ്ട് പൂർത്തിയാകുമ്പോഴേക്കും വ്യക്തമായ സൂചനകളാകും. ഇഞ്ചോടിഞ്ചു മത്സരമാണെങ്കിൽ മാത്രം ഫോട്ടോ ഫിനിഷിനായി കാത്തിരുന്നാൽ മതി.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്.