പരിസ്ഥിതി ലോല മേഖല; സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ചെയര്‍മാന്‍ ശ്രീ.ജോസ് കെ. മാണി

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശിയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കി മാറ്റുന്നത് സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ചെയര്‍മാന്‍ ശ്രീ.ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ശ്രീ.തോമസ് ചാഴികാടന്‍ എംപി, എം.എല്‍.എമാരായ ശ്രീ.ജോബ് മൈക്കിള്‍, ശ്രീ.പ്രമോദ് നാരായണ്‍, ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍, ശ്രീ. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എന്നിവർ

ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു നിവേദനം നല്‍കി.

ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂര്‍ണമായി പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കുന്നതിനും ശാശ്വത പരിഹാരത്തിനായി നിയമ നിര്‍മാണം നടത്തുന്നതിനും കേന്ദ്ര സര്‍ക്കാരില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിയെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കുന്നതിന് നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുന്നതിന് വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ. ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. നിയമ നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം തുടരും. മലയോര മേഖലയിലെ ജനങ്ങളുടെയും കര്‍ഷകരുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

Leave a Reply