ഞാനും മുഖ്യമന്ത്രിയും കുടുംബവും ഒരുപാട് തവണ ചര്‍ച്ച നടത്തി; സ്വപ്ന

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാമെന്നും അവര്‍ മുന്നറിയിപ്പ് രൂപേണ പറഞ്ഞു. ‘വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാന്‍ ജയിലില്‍ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസില്‍ ഇരുന്ന് ഒരുപാട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് നടപടി എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാം’ സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
എനിക്കെതിരേ കേരളത്തിലെ മുഴുവന്‍ പോലിസ് സ്‌റ്റേഷനുകളില്‍ കേസെടുത്താലും സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച് നില്‍ക്കും. ഇതില്‍ നിന്ന് ഞാന്‍ പിന്‍മാറണമെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. കൊന്നുകഴിഞ്ഞാല്‍ ഒരു പക്ഷേ ഇത് ഇവിടെ നിലക്കും. എന്നാല്‍ എല്ലാ തെളിവുകളും പല ആളുകളുടേയും പക്കലുണ്ട്. എന്നെ കൊന്നത് കൊണ്ട് മാത്രമാകില്ല. ജയിലിലിട്ട് മര്‍ദ്ദിച്ച് എന്തെങ്കിലും എഴുതി വാങ്ങാനുണ്ടെങ്കില്‍ അതിന് ശ്രമിക്കാം. ഗൂഢാലോചന ആരാണ് നടത്തിയതെന്ന് പ്രവൃത്തി കൊണ്ട് തെളിയുന്നുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. കോടതി രേഖകള്‍ മുഖ്യമന്ത്രി ഇടപ്പെട്ട് ചോര്‍ത്തിയോയെന്നും സ്വപ്‌നയും അഭിഭാഷകനും സംശയം പ്രകടിപ്പിച്ചു.