യൂണിയനുകൾ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്,ഗതാഗതമന്ത്രി

തിരുവനന്തപുരം : കെ എസ് ആർ ടി സിയിലെ സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു.യൂണിയനുകളേയും മന്ത്രി വിമർശിച്ചു . കെ എസ് ആർ ടി സിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ സമരം ചെയ്യരുത്. യൂണിയനുകൾ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. സർക്കാർ ഈ പറഞ്ഞതിന്‍റെ ആവർത്തനമാണ് ഹൈക്കോടതി പറഞ്ഞതെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഡ്യൂട്ടി പരിഷ്കരണം ആലോചിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. സിംഗിൾ ഡ്യൂട്ടി സംവിധാനം ശക്തിപ്പെടുത്തും. അഞ്ചാറു മാസത്തിനുള്ളിൽ സർക്കാർ സഹായമില്ലാതെ കെ എസ് ആർ ടി സിക്ക് പ്രവർത്തിക്കാനാകും. ആറു കോടി രൂപ പ്രതിദിന വരുമാനമുണ്ട്. ചെലവും 6 കോടി രൂപയുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളുടേയും വർക് ഷോപ്പുകളുടേയും എണ്ണം വെട്ടിക്കുറക്കും. ഓഫീസുകളുടെ എണ്ണം കുറയ്ക്കുമ്പോൾ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാനാകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.