ഇടുക്കി ഏലപ്പാറയിൽ മണ്ണിടിച്ചിൽ; എസ്റ്റേറ്റ് തൊഴിലാളിയായ സ്ത്രീ മരിച്ചു
തൊടുപുഴ: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. രണ്ടാം ഡിവിഷൻ 13 മുറി എസ്റ്റേറ്റിൽ രാജുവിന്റെ ഭാര്യ ഭാഗ്യം (പുഷ്പ -50) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ അഞ്ചോടെ ഏലപ്പാറ കോഴിക്കാനം കിഴക്കേപുതുവൽ റൂട്ടിലാണ് സംഭവം. ജോലിക്ക് പോകുന്നതിനായി രാവിലെ എഴുന്നേറ്റ പുഷ്പ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ അടുക്കളയ്ക്ക് മുകളിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിടിച്ചിലിൽ പുഷ്പ അടുക്കള വാതിലിന്റെ ഇടയിൽപ്പെടുകയായിരുന്നു.
പീരുമേട്ടിൽ നിന്നെത്തിയ അഗ്നിശമനാ സേനാ വിഭാഗത്തിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. അപകടം നടക്കുമ്പോൾ പുഷ്പയുടെ മൂന്നു മക്കളും ഭർത്താവും തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ഇവർക്ക് പരിക്കുകളൊന്നുമില്ല.
ഇടുക്കി ജില്ലയിൽ കാലവർഷം ശക്തമായി തുടരുകയാണ്. ജില്ലയുടെ മറ്റു പല മേഖലയിലും കാലവർഷ കെടുതികൾ രൂക്ഷമാകുകയാണ്. മലയോര മേഖലയിൽ പലയിടത്തും ശക്തമായ മഴയും കാറ്റും മൂടൽ മഞ്ഞും വാഹന ഗതാഗതത്തിനടക്കം തടസം സൃഷ്ടിക്കുന്നുണ്ട്.