ആശയം പറഞ്ഞ് വിദ്യാർഥികളെ ഒരുമിച്ചുകൂട്ടാൻ കഴിയാത്ത തരത്തിൽ എസ്.എഫ്.ഐ അധ:പതിച്ചു : യൂത്ത് ഫ്രണ്ട്

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ സമരത്തിനു കൊണ്ടുപോയതിലൂടെ ആശയം പറഞ്ഞ് വിദ്യാർഥികളെ ഒരുമിച്ചുകൂട്ടാൻ കഴിയാത്ത സംഘടനയായി എസ്.എഫ്.ഐ അധ:പതിച്ചു എന്ന് യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം സെക്രട്ടറി സിബി നെല്ലൻകുഴിയിൽ പറഞ്ഞു. എസ്.എഫ്.ഐ ഉന്നയിക്കുന്ന വിഷയങ്ങൾ പ്രസക്തമായിരുന്നു എങ്കിൽ അത് ചൂണ്ടിക്കാണിച്ചായിരുന്നു വിദ്യാർഥികളെ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടിയിരുന്നത്. എസ്.എഫ്.ഐ ഉന്നയിക്കുന്ന വിഷയങ്ങളിൽ അവർക്ക് തന്നെ ആത്മവിശ്വാസമില്ലാത്തതാണ് ഇത്തരം തെറ്റായ പ്രവണതകൾക്ക് കാരണം. പ്രസ്തുത വിഷയത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ എസ്.എഫ്.ഐ ധാർമ്മികമായി പരാജയപ്പെട്ടെന്നും ഇത്തരം നെറികേടിലൂടെ വിദ്യാർഥി സമരങ്ങളുടെ തന്നെ വിശ്വാസ്യതയെ തന്നെ തകർക്കുന്ന പ്രവണതയിൽ നിന്നും എസ്.എഫ്.ഐ പിൻമാറണമെന്നും സിബി നെല്ലൻകുഴിയിൽ ആവശ്യപ്പെട്ടു