ജോർജ് സി. കാപ്പൻ പടിയിറങ്ങി

പാലാ:- മൂന്നരപ്പതിറ്റാണ്ട് കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ജോർജ് സി. കാപ്പൻ സഹകരണ മേഖലയോട് വിട പറയുന്നു. അനായാസം പ്രസിഡന്റ് പദവിയിൽ തുടരാൻ സാദ്ധ്യതയുണ്ടായിട്ടും പുതു തലമുറക്കായി സന്തോഷ പൂർവ്വം വഴി മാറുന്നുവെന്ന അപൂർവ്വമാതൃകയും കാപ്പനു സ്വന്തം. എളിയ നിലയിൽ നിന്നും കിഴതടിയൂർ ബാങ്കിനെ പുരോഗതിയിലേക്ക് നയിച്ചപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തൊഴിൽ സംരംഭങ്ങൾക്കും പുതിയ വഴികൾ കണ്ടെത്തിയ കാപ്പനെയും ബാങ്കിനെയും തേടിയെത്തിയ അവാർഡുകൾക്കും പുരസ്കാരങ്ങൾക്കും എണ്ണമില്ല. കൃഷിക്കാർക്കും യുവാക്കൾക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചത് സഹകരണ മേഖലയിലെ പുത്തൻ അനുഭവമായിരുന്നു. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന കിസ് കൊ മാർട്ടുകളും ഹോമിയോ – ആയുർവേദ – അലോപ്പതി മരുന്നുകൾ സൗജന്യ നിരക്കിൽ നൽകുന്ന മെഡിക്കൽ ഷോപ്പുകളും ഈടുറ്റ വീട്ടുപകരണങ്ങളുടെ ഫർണിച്ചർ ഷോപ്പുകളും സ്വദേശി ചിന്തയുണർത്തുന്ന കോട്ടൺ വസ്ത്രാലയങ്ങളും ഗുണമേന്മയുള്ള പാലും പാലുല്പന്നങ്ങളുമെല്ലാം കാപ്പന്റെ കയ്യൊപ്പിൽ വളർന്നപ്പോൾ പാലായും കിഴതടിയൂർ ബാങ്കും വളരുകയായിരുന്നു. ഡയാലിസിസ് കേന്ദ്രങ്ങളും രോഗപരിശോധനാ സംവിധാനങ്ങളും സൗജന്യ നിരക്കിലായതു ആയിരക്കണക്കിനു രോഗികൾക്ക് ആശ്വാസമായി. പട്ടണത്തിൽ ആരും വിശന്നിരിക്കരുത് എന്നാഗ്രഹത്തോടെ വിതരണം ചെയ്യപ്പെടുന്ന ഭക്ഷണപ്പൊതികളും അശരണർക്ക് സഹായം നൽകുന്ന നന്മപ്പെട്ടിയുമെല്ലാം കിഴതടിയൂർ ബാങ്കിന്റെ മാത്രം പ്രത്യേകതയാണ്. പി.എസ്.സി കോച്ചിങ്ങ് സെന്ററുകളും വിപുലമായ ലൈബ്രറിയും സ്വന്തമായിട്ടുള്ള സഹകരണ ബാങ്കുകൾ അപൂർവ്വമാണ്.മുന്നൂറു കോടിയോളം നിക്ഷേപവും മുന്നൂറ് കുടുംബങ്ങൾക്ക് നേരിട്ട് ജോലിയും നൽകുന്ന കിഴതടിയൂർ ബാങ്കിനെ ലോക പ്രശസ്തമാക്കിയ ജോർജ് സി. കാപ്പൻ പടിയിറങ്ങുമ്പോഴുണ്ടാകുന്ന വിടവ് നികത്തുന്നതിലാണ് ഇനി ബാങ്കിന്റെ ഭാവി എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
സാധാരണക്കാർക്ക് അത്താണിയായി സഹകരണ മേഖലക്ക് പുതിയ ദിശാബോധം നൽകി ഒരു സാധാരണ ബാങ്കിനെ അസാധാരണമായ നിലയിൽ വളർത്തിയെടുത്ത ജോർജ്.സി. കാപ്പനെ കൺവീനർ സന്തോഷ് കാവുകാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കേരളാ സ്റ്റഡി ഫോറം അനുമോദിച്ചു.