രണ്ടേക്കറിലധികം ഭൂമിയുള്ള സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 9600 പേർ പുറത്താകും
സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9600 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്നു ധനവകുപ്പു കണ്ടെത്തി. ഇവരിൽ ചിലർ റബർ സബ്സിഡി ഉൾപ്പെടെ വാങ്ങുന്നതായും വ്യക്തമായി. തുടർന്ന് ഇവരെ പെൻഷൻ പദ്ധതിയിൽ നിന്നു നീക്കാനുള്ള നടപടികൾ തദ്ദേശ വകുപ്പ് ആരംഭിച്ചു. ഇവർക്കു തദ്ദേശ സ്ഥാപനങ്ങൾ നോട്ടിസ് അയച്ച് ഹിയറിങ് നടത്തി ഭൂരേഖകൾ ഒന്നു കൂടി പരിശോധിച്ച ശേഷമാകും ഒഴിവാക്കുക. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപന ഭരണസമിതികളുടെ തീരുമാനം നിർണായകമായിരിക്കും.
സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ പട്ടിക വിഭാഗക്കാർ ഒഴികെയുള്ളവർക്കു സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകാൻ പാടില്ലെന്നാണു നിബന്ധന. ഇവർക്ക് എത്രകാലം പെൻഷൻ നൽകി എന്നു വ്യക്തമല്ല. പ്രതിമാസം 1600 രൂപയാണ് പെൻഷൻ. 9600 പേർക്ക് ഒരു വർഷം പെൻഷൻ നൽകാൻ 19 കോടിയോളം രൂപ വേണം. പെൻഷൻ നിർണയിക്കുന്നതിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും അനർഹർക്കു പെൻഷൻ നൽകാൻ കോടികൾ ചെലവിട്ടുവെന്നുമുള്ള ആരോപണങ്ങൾ നേരത്തേ ഉയർന്നിരുന്നു.