തലസ്ഥാനത്ത് സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകൾക്കെതിരെ CITU പ്രതിഷേധം
സിഐടിയു കെഎസ്ആർടിസി സിറ്റി സർക്കുലർ ബസുകൾ തടയുന്നു. സിറ്റി സർക്കുലർ സർവീസിന്റെ റൂട്ടുകളിൽ ഇന്ന് മുതൽ സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകൾ ഇറങ്ങുന്നതിനെതിരെയാണ് യൂണിയന്റെ പ്രതിഷേധം.
ഇലക്ട്രിക് ബസ് സ്വിഫ്റ്റിന് കൈമാറാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് സിഐടിയുവിന്റെ പ്രതിഷേധം.
ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസുകളാണ് സിഐടിയു തടഞ്ഞത്.
ശമ്പളം കൊടുത്തിട്ട് മതി പരിഷ്കരണമെന്ന നിലപാടിലാണ് തൊഴിലാളി യൂണിയൻ. സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്കരിക്കുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ ഉദ്ഘാടന ചടങ്ങിന് പോലീസ് സംരക്ഷണം തേടിയിട്ടുണ്ട്. ബസ് തടഞ്ഞവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.