മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു; സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളം പുറത്തേക്ക്;

തൊടുപുഴ: കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് താഴാത്തത് കണക്കിലെടുക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു.ആകെയുള്ള 13 ഷട്ടറും തുറന്ന് സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നേരത്തെ 10 ഷട്ടറുകളാണ് തുറന്നിരുന്നത്.

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി. ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നിരിക്കുകയാണ്. അഞ്ചു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ മൂന്നുലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളവും വൃഷ്ടിപ്രദേശത്തെ ഇടവിട്ടുള്ള മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതുമാണ് ജലവിതാനം താഴാത്തതിന് കാരണം. ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ, തടിയമ്ബാട് ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ നാലു വീടുകളില്‍ വെള്ളം കയറി.ഒരു വീടിന്റെ മതില്‍ ഇടിഞ്ഞു.