രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തികൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പാര്‍ട്ടി വിടല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തികൊണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെഴുതിയ രാജി കത്തിലുടനീളം ഗുലാം രാഹുല്‍ ഗാന്ധിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. രാഹുല്‍ ഗാന്ധിയുടേയേത് പക്വതയില്ലാത്തതും ഉള്‍പാര്‍ട്ടി ജനാധിപത്യം സൂക്ഷിക്കാത്തതുമായ സമീപനമാണെന്ന് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.

സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ണമായും പ്രഹസന നാടകവും ചെപ്പടി വിദ്യയുമാണ്. യഥാര്‍ത്ഥത്തില്‍ രാജ്യത്ത് ഒരിടത്തും ഒരു തലത്തിലും സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ഉപജാപക സംഘം തയ്യാറാക്കി നല്‍കുന്ന പട്ടികയില്‍ എഐസിസിയിലെ കയ്യാളുകള്‍ ഒപ്പിടുക മാത്രമാണ് ചെയ്യുന്നത്. ബൂത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലൊന്നും പാര്‍ട്ടി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. സംഘടനാ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ ക്ഷണിച്ചിട്ടില്ല.’ ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുകയും അത് നേടുകയും ചെയ്ത കോണ്‍ഗ്രസ് എന്ന ദേശീയ മുന്നേറ്റം ഈ അവസ്ഥയിലായി. തകര്‍ന്ന കോണ്‍ഗ്രസിന്റെ അവശിഷ്ടങ്ങളില്‍ അവകാശം സ്ഥാപിക്കുന്നത് തുടരാനാണ് സംഘടനാ തെരഞ്ഞെടുപ്പ് എന്ന ഈ ഭീമന്‍ തട്ടിപ്പ്. എഐസിസി നേതൃത്വമാണ് ഇതിന് ഉത്തരവാദികള്‍. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് അര്‍ഹിക്കുന്നത് ഇതാണോയെന്ന് എഐസിസി നേതൃത്വം സ്വയം ചോദിക്കണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.